മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണ് മസൂദ് അസർ. മൗലാന മസൂദ് അസര്‍ പാകിസ്താനിലുണ്ടെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചിരുന്നു. കടുത്ത വൃക്കരോഗിയാണ് മസൂദ് എന്നാണ് പാക്കിസ്ഥാന്‍ വ്യക്തമാക്കിയത്. പാക്കിസ്ഥാനില്‍ നിന്നാണ് ഇയാള്‍ മരിച്ചതായുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്. ഇത് സംബന്ധിച്ച ശബ്ദ സന്ദേശങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അസര്‍ എന്നാണ് സൂചന. എന്നാല്‍ മരണവിവരം പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയിലെ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതും മസൂദ് അസറായിരുന്നു. കടുത്ത അസുഖ ബാധിതനായ മസൂദ് അസറിന് വീട്ടിലില്‍ നിന്ന് പുറത്ത് പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും പാക്കിസ്ഥാന്‍ വിദേശ കാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച ഇന്ത്യയുടെ ആവശ്യത്തിന് മറുപടിയായാണ് ഇക്കാര്യം വിദേശകാര്യ മന്ത്രി വ്യക്തമാക്കിയത്.
1994ല്‍ മസൂദ് അസര്‍ ഇന്ത്യയുടെ കസ്റ്റഡിയിലായിരുന്നു. എന്നാല്‍ പിന്നീട് 1999ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം കാണ്ഡഹാറിലേക്ക് തട്ടിക്കൊണ്ട് പോയപ്പോള്‍ യാത്രക്കാരെ തിരികെ നല്‍കുന്നതിനായി ഇന്ത്യ മസൂദ് അസറിനെ വിട്ട് നല്‍കുകയായിരുന്നു. 1995ല്‍ അസറിനെ മോചിപ്പിക്കുന്നതിനായി കൂട്ടാളികള്‍ ജമ്മു കാശ്മീരിൽ എത്തിയ വിദേശീയരായ ടൂറിസ്റ്റുകളെ തട്ടിക്കൊണ്ട് പോയിരുന്നു. എന്നാല്‍ ആ ഉദ്യമത്തില്‍ ഒരു ടൂറിസ്റ്റ് ഒഴികെ ബാക്കിയുള്ളവര്‍ കൊല്ലപ്പെട്ടു. അതിന് ശേഷമാണ് 1999ല്‍ ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം തട്ടിക്കൊണ്ട് പോയത്.
ഇന്ത്യയെ നശിപ്പിക്കുന്നത് വരെ വിശ്രമിക്കാന്‍ പാടില്ലെന്നും, കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തുമെന്നുമായിരുന്നു ഇയാളുടെ ആഹ്വാനം. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലും, പഠാന്‍ കോട്ട് ആക്രമണത്തിന് പിന്നിലും മസൂദ് അസറാണ് പ്രവര്‍ത്തിച്ചിരുന്നു. കാശ്മീരിലെ വിഘടനവാദികളെ കൊണ്ട് പ്രക്ഷോഭം നടത്തിയിരുന്നതിന് പിന്നിലും മസൂദ് അസറാണ് പ്രവര്‍ത്തിച്ചത്. അസറിനെ ഭീകരവാദിയായി പ്രഖ്യാപിക്കണം എന്ന ഇന്ത്യയുടെ ആവശ്യത്തിനെ ഐക്യരാഷ്ട്രസഭയില്‍ ചൈനയാണ് എതിര്‍ത്തിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here