Advertisement

അമരത്തിലെ ‘മുത്ത്’ സിനിമയിലേക്ക് തിരിച്ചെത്തുന്നു

March 4, 2019
1 minute Read

അമരം എന്ന ഒറ്റ ചിത്രം മതി മാതു എന്ന അഭിനേത്രിയെ ഓര്‍ക്കുവാന്‍. അമരത്തിലെ മുത്തായി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച മാതു വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ മാതു സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്തയാണ് സിനിമ ലോകത്തെ പുതിയ ചര്‍ച്ചാവിഷയം.

നീണ്ട ഇടവേളക്ക് ശേഷം മാതു മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലൂടെയാണ് മാതുവിന്റെ രണ്ടാംവരവ്. സിനിമയില്‍ നിന്നും വിട്ടുനിന്ന സമയത്ത് താന്‍ മലയാള സിനിമയെ നന്നായി മിസ്സ് ചെയ്തിരുന്നുവെന്ന് മാതു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സിനിമ എനിക്ക് ഇഷ്ടമായിരുന്നെങ്കിലും മക്കള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം ഫാമിലി ലൈഫ് ആസ്വദിക്കണം എന്നൊക്കെ കരുതിയാണ് വിട്ടുനിന്നത്. പല ചിത്രങ്ങളില്‍ നിന്നും ഓഫറുകള്‍ വന്നിരുന്നെങ്കിലും കുടുംബ ജീവിതത്തിനായിരുന്നു ഞാന്‍ മുന്‍ഗണന നല്‍കിയിരുന്നത്. ഇപ്പോള്‍ മക്കള്‍ വളര്‍ന്നു. ഈ തിരിച്ചുവരവിലാണ് മലയാളസിനിമയെ എത്രത്തോളം മിസ്സ് ചെയ്തിരുന്നു എന്ന് മനസ്സിലാവുന്നത്.

Read More: സിനിമാ പ്രേമികള്‍ക്ക് പരിശീലന കളരിയുമായി ഫസ്റ്റ് ക്ലാപ്പ്

ശരിക്കും എന്റെ പേര് മാധവി എന്നാണ്. മാധവി എന്ന വേറൊരു നടി ഉള്ളതുകൊണ്ട് നെടുമുടി വേണു സര്‍ പേര് മാതു എന്നാക്കി മാറ്റുകയായിരുന്നു. അദ്ദേഹമായിരുന്നു ഞാന്‍ അഭിനയിച്ച പുരത്തിന്റെ സംവിധായകന്‍. എന്റെ അച്ഛന്‍ സിനിമയില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. എന്‍.ടി.ആറുടെ മാനേജരായിരുന്നു അച്ഛന്‍. കുറച്ചു സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലാം വയസിലാണ് ഞാനാദ്യമായി സിനിമയില്‍ അഭിനയിച്ചത്. പതിനാറാം വയസിലാണ് പൂരത്തില്‍ വേഷമിട്ടത്. എന്റെ അമ്മയാണ് റോളുകള്‍ സെലക്ട് ചെയ്തിരുന്നത്. അമരത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒത്തിരി നല്ല ഓര്‍മകളുണ്ട്. കടല്‍ത്തീരത്തെ ഷൂട്ടിംഗ് നന്നായി ആസ്വദിച്ചിരുന്നു. ഭരതന്‍,മമ്മൂട്ടി തുടങ്ങിയവരോടൊപ്പം ജോലി ചെയ്യാന്‍ സാധിച്ചു. ഭാഷ അറിയാത്തതിനാല്‍ കുറെ കഷ്ടപ്പെട്ടിട്ടുണ്ട്.

മൂന്നു സഹോദരിമാരും അവരുടെ അനിയനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ നായകന്റെ സഹോദരിയുടെ വേഷത്തിലാണ് മാതു എത്തുന്നത്. പാലായില്‍ ലോക്കല്‍ രാഷ്ട്രീയം കളിച്ച് ജോളിയായി ജീവിച്ചിരുന്ന അനിയന്‍കുഞ്ഞ്, ഒരു ഘട്ടത്തില്‍ അമേരിക്കയിലുള്ള സഹോദരിമാരുടെയടുത്ത് എത്തുകയും അവിടെ ഒരു സംഭവത്തില്‍ യാദൃച്ഛിമായി ഇടപെടുന്നതിലൂടെ അയാളുടെ ജീവിതത്തിലും സ്വഭാവത്തിലുണ്ടാകുന്ന പരിവര്‍ത്തനങ്ങളുമാണ് ചിത്രം പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top