സ്ഥാനാർത്ഥി നിർണയത്തിലേക്ക് കടന്ന് കോൺഗ്രസ്; തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും

മുന്നണിയില്‍ സീറ്റ് സംബന്ധിച്ച് തർക്കങ്ങൾ തുടരുന്നതിനിടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കുകയാണ് കോണ്‍ഗ്രസ്. ഇതിനായുള്ള തെരഞ്ഞെടുപ്പ് സമിതി ഇന്ന് രാവിലെ പത്തിന് പാർട്ടി ആസ്ഥാനത്ത് യോഗം ചേരും. അതത് മണ്ഡലങ്ങളിലേക്ക് ഡി.സി.സികള്‍ നല്‍കിയ പട്ടിക പ്രകാരമായിരിക്കും ചര്‍ച്ച. ജയസാധ്യതയും ഗ്രൂപ്പും പരിഗണിച്ചാകും അന്തിമ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുക.
അധിക സീറ്റുകൾ ആവശ്യപ്പെട്ട മുസ്ലിംലീഗിനും കേരള കോൺഗ്രസിനും അത് നൽകാനാവില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ‌് സ്ഥാനാർഥി നിർണയത്തിനുള്ള തെരഞ്ഞെടുപ്പ‌് സമിതി യോഗം ചേരുന്നത്. ഓരോ മണ്ഡലങ്ങളിലേക്കും ഡിസിസികൾ സമർപ്പിച്ച സ്ഥാനാർത്ഥികളുടെ പാനലിനെ മുൻനിർത്തിയാകും ഇന്നത്തെ ചർച്ച. രണ്ടോ മൂന്നോ പേരുടെ പട്ടികയാണ് ജില്ലാ കമ്മിറ്റികൾ കെ പി സി സി ക്ക് സമർപ്പിച്ചിരിക്കുന്നത്.
Read Also : പശ്ചിമ ബംഗാളിൽ കോൺഗ്രസുമായുള്ള ധാരണ; സിപിഎം കേന്ദ്ര കമ്മിറ്റി തീരുമാനം ഇന്ന്
കെപിസിസി അധ്യക്ഷനും മുതിർന്ന നേതാക്കളും അടങ്ങുന്ന തെരഞ്ഞെടുപ്പു സമിതി അവരുടെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തി അന്തിമ സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറും. ഹൈക്കമാന്റ് ആയിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. സിറ്റിങ് സീറ്റുകളിൽ അതത് എം പിമാർക്ക് തന്നെയാണ് മുൻഗണന. അതുകൊണ്ടു തന്നെ ഡിസിസികൾ പ്രത്യേക പാനൽ സമർപ്പിക്കേണ്ടതില്ലെന്ന് നേതൃത്വം കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കേന്ദ്ര നേതൃത്വമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here