Advertisement

സിപിഎം സ്ഥാനാര്‍ത്ഥികളെപ്പറ്റി നാളെ ധാരണയാകും

March 4, 2019
1 minute Read

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സി പി എം സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് നാളെ ധാരണയാകും.സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ തിരുവനന്തപുരത്ത് ചേരും. മറ്റന്നാള്‍ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളും 7, 8 തീയതികളില്‍ സംസ്ഥാന സമിതിയും ചേരുന്നുണ്ട്. കഴിഞ്ഞ തവണ 15 സീറ്റുകളില്‍ മത്സരിച്ച സിപിഎം ഇത്തവണ കോട്ടയം അടക്കം 16 സീറ്റുകളില്‍ മത്സരിച്ചേക്കും. കോട്ടയത്ത് 2014ല്‍ ജനതാദള്‍ എസാണ് മത്സരിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. മുതിര്‍ന്ന നേതാവും എംഎല്‍എയുമായ സി ദിവാകരനെ തിരുവനന്തപുരത്തും തൃശ്ശൂരില്‍ രാജാജി മാത്യു തോമസ്, മാവേലിക്കരയില്‍ ചിറ്റയം ഗോപകുമാര്‍, വയനാട്ടില്‍ പിപി സുനീര്‍ എന്നിവരെയുമാണ് സിപിഐ സ്ഥാനാര്‍ത്ഥികളാക്കുന്നത്. ഇത് സംബന്ധിച്ച് ദേശീയ നേതൃത്വവുമായി കൂടി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.

Read Also: മത്സരിച്ചേക്കുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി

നിലവില്‍ സി ദിവാകരന്‍ നെടുമങ്ങാട് എംഎല്‍എയാണ് . ചിറ്റയം ഗോപകുമാര്‍ അടൂര്‍ എംഎല്‍എയാണ്. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗങ്ങളാണ് രാജാജിയും സുനീറും. ജയം ഉറപ്പെന്നായിരുന്നു സ്ഥാനാര്‍ത്ഥിയാകുന്നതിനോടുള്ള സി ദിവാകരന്റെ പ്രതികരണം. വെല്ലുവിളി നേരിടാന്‍ സദാ തയ്യാറെന്നാണ് രാജാജി മാത്യു തോമസും പാര്‍ട്ടി തീരുമാനം അംഗീകരിക്കുമെന്ന് ചിറ്റയം ഗോപകുമാറും പ്രതികരിച്ചു.അതേസമയം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ സംബന്ധിച്ച ചര്‍ച്ചകളിലേക്ക് കടക്കാതെ കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗം പിരിഞ്ഞു.

വ്യക്തിപരമായ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിക്കാന്‍ സമിതി അംഗങ്ങളോട് നേതാക്കള്‍ നിര്‍ദേശിച്ചു. ഘടകകക്ഷികളുമായുള്ള സീറ്റുവിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയ ശേഷം തെരഞ്ഞെടുപ്പു സമിതി വീണ്ടും യോഗം ചേരും. മത്സര രംഗത്തേക്ക് ഇല്ലെന്ന് സുധീരന്‍ വ്യക്തമാക്കി. അതത് മണ്ഡലങ്ങളിലേക്ക് ഡി.സി.സികള്‍ നല്‍കിയ സ്ഥാനാര്‍ത്ഥികളുടെ പാനല്‍ മുന്‍നിര്‍ത്തിയുള്ള പ്രാഥമിക ചര്‍ച്ചകളാണ് ഇന്ന് നടന്നത്. ജയസാധ്യതയും ഗ്രൂപ്പ് – സാമുദായിക സമവാക്യങ്ങളും പരിഗണിച്ചാകും അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുക. മൂന്നു പേര്‍ മുതല്‍ 25 പേരുടെ വരെ പാനലാണ് പല ഡിസിസികളും കെ പി സി സി ക്ക് സമര്‍പ്പിച്ചിട്ടുള്ളത്. തങ്ങളുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള ചുരുക്കപ്പട്ടികയാകും സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് നല്‍കുക. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മതി കോണ്‍ഗ്രസിന്റെ അന്തിമസ്ഥാനാര്‍ഥി പട്ടികയെന്ന നിലപാടിലാണ് ഗ്രൂപ്പ് നേതാക്കള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top