Advertisement

സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കാതെ കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗം പിരിഞ്ഞു

March 4, 2019
0 minutes Read
kpcc

സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കാതെ കെപിസിസി തെരഞ്ഞെടുപ്പു സമിതി യോഗം പിരിഞ്ഞു. സമിതി അംഗങ്ങളുമായി വ്യക്തിപരമായി കൂടിക്കാഴ്‌ച നടത്തിയ നേതാക്കൾ അവരിൽ നിന്നുള്ള അഭിപ്രായങ്ങളും തേടി.  സ്ഥാനാർത്ഥികളുടെ പരിഗണനാ പട്ടികയിൽ നിന്ന് സിറ്റിങ് എം പിയെ ഒഴിവാക്കിയ പത്തനംതിട്ട ഡിസിസിക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു.

ഓരോ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളുടെ പാനൽ ഡിസിസികൾ കെപിസിസിയ്ക്ക് സമർപ്പിച്ചിരുന്നുവെങ്കിലും ഇന്നത്തെ യോഗം അത് ചർച്ചക്കെടുത്തില്ല. ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മതി കോണ്ഗ്രസിലെ സ്ഥാനാർഥി നിർണയമെന്ന് എ ഐ ഗ്രൂപ്പുകൾ നിലപാട് എടുത്തതാണ് ഇതിന് കാരണം. പൊതു ചർച്ചയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് സമിതി അംഗങ്ങളെ മുകുൾ വാസ്നിക്, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടു അഭിപ്രായങ്ങൾ ആരാഞ്ഞു. ഈ കൂടിക്കാഴ്ചയിലെ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്താകും സംസ്ഥാന നേതൃത്വം അന്തിമ സ്ഥാനാർത്ഥി പട്ടിക ഹൈക്കമാന്റിന് കൈമാറുക.

ഇതിനിടെ, സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് സിറ്റിങ് എം പി ആന്റോ ആന്റണിയെ ഒഴിവാക്കിയ പത്തനംതിട്ട ഡിസിസിയുടെ നടപടിക്കെതിരെ യോഗത്തിൽ വിമർശനമുയർന്നു. ഹൈക്കമാന്റിന്റെ നിലപാടിന് വിരുദ്ധമായ സമീപനം ശരിയായില്ലെന്നും അനാവശ്യ വിവാദങ്ങൾ പാടില്ലെന്നും സമിതി നിർദേശിച്ചു. മൂന്നുപേരുടെ വീതം പട്ടിക നൽകാനായിരുന്നു നേതൃത്വത്തിന്റെ നിർദേശമെങ്കിലും തൃശൂർ, ചാലക്കുടി, ആലത്തൂർ മണ്ഡലങ്ങളിലേക്ക് അര ഡസനിലേറെ പേരുകളാണ് ജില്ലാ നേതൃത്വം കെ പി സി സി ക്ക് നൽകിയത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ നിലപാട് എടുത്തതോടെ വടകര, സംഘടനാചുമതലയുള്ള കെ സി വേണുഗോപാലന്റെ മണ്ഡലമായ ആലപ്പുഴ, എറണാകുളം തുടങ്ങിയ ഇടങ്ങളിൽ സ്ഥാനാർത്ഥിളെ സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. തൃശൂർ, ചാലക്കുടി എന്നിവിടങ്ങളിൽ പരിഗണനാ പട്ടികയിലുണ്ടായിരുന്ന വി എം സുധീരൻ, നേതൃത്വവുമായുള്ള കൂടിക്കാഴ്ചയിൽ മൽസരിക്കാൻ ഇല്ലെന്ന നിലപാടറിയിച്ചു.
ഘടക കക്ഷികൾക്ക് അധിക സീറ്റുകൾ നൽകില്ലെന്ന നേതൃത്വത്തിന്റെ തീരുമാനം കെ പി സി സി അധ്യക്ഷൻ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top