Advertisement

മുന്‍ ഇമാം പ്രതിയായ കേസ്; പീഡനത്തിനിരയായ പെണ്‍കുട്ടി ശിശുക്ഷേമ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ തുടരണമെന്ന് ഹൈക്കോടതി

March 6, 2019
0 minutes Read

മുന്‍ ഇമാം പ്രതിയായ ബലാത്സംഗ കേസില്‍ ഇരയായ കുട്ടി ശിശുക്ഷേമ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ തന്നെ തുടരണമെന്ന് ഹൈക്കോടതി. നാളെ നടക്കുന്ന പരീക്ഷ ശിശുക്ഷേമ കമ്മിറ്റിയുടെ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പോയി എഴുതണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് അമ്മ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജി വിധി പറയാന്‍ മാറ്റി. പെണ്‍കുട്ടി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി കുടുംബത്തിനൊപ്പം പോകണമെന്ന് അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ താല്‍പര്യം പരിഗണിക്കാതെയാണ് തിരുവനന്തപുരത്തെ ചൈല്‍ഡ് ഹോമില്‍ കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് അമ്മയുടെ വാദം. സ്വാഭാവിക രക്ഷിതാവായ തന്റെ വാദം ശിശുക്ഷേമ സമിതി കേട്ടില്ലെന്നും പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍ തന്റെ സാമീപ്യം കുട്ടിക്ക് ആവശ്യമാണെന്നും അമ്മ പറഞ്ഞിരുന്നു. നേരത്തേ ഹര്‍ജി പരിഗണിച്ച കോടതി പെണ്‍കുട്ടി നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടി ഇന്ന് നേരിട്ട് ഹാജരായത്.

അതേസമയം, കേസില്‍ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി ഇപ്പോഴും ഒളിവിലാണ്. ഇമാമിന് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തു നല്‍കിയ രണ്ട് സഹോദരന്മാരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്‌തെങ്കിലും ഖാസിമി എവിടെയെന്നുള്ള കൃത്യവിവരം പൊലീസിന് ലഭിച്ചിട്ടില്ല.

ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഷെഫീഖ് അല്‍ ഖാസിമി പ്രദേശത്തെ സ്‌കൂളില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് സ്വന്തം ഇന്നോവ കാറില്‍ കയറ്റി വനമേഖലയിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതിയിലേര്‍പ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികള്‍ വാഹനം തടഞ്ഞുവെങ്കിലും മൗലവി വിദ്യാര്‍ത്ഥിയുമായി കടക്കുകയായിരുന്നു. സംഭവം വിവാദമായതോടെ പള്ളി ചുമതലയില്‍ നിന്നും ഇമാം കൗണ്‍സിലില്‍ നിന്നും ഇയാളെ പുറത്താക്കിയിരുന്നു. പള്ളിക്കമ്മിററ്റിയംഗം നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുമങ്ങാട് പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി ഖാസിമിക്കെതിരെ കേസെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top