റഫാലില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലപേശല്‍ നടത്തി; സുപ്രധാന രേഖകള്‍ പുറത്ത്

റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര വിലപേശല്‍ നടത്തിയതിന്റെ രേഖകള്‍ പുറത്ത്. 2015ല്‍ പ്രതിരോധ മന്ത്രിയും പ്രതിരോധ സെക്രട്ടറിയും ഇക്കാര്യം രേഖാമൂലം അറിയിച്ചിരുന്നു. വില പേശല്‍ സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാക്കി . ദ ഹിന്ദു ദിനപത്രമാണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടത്.
ബാങ്ക് ഗ്യാരണ്ടിയില്‍ ഇടപാട് നടത്തണമെന്ന നിര്‍ദേശം തള്ളിയതും ഈ ഇടപടെലിന്റെ ഭാഗമാണെന്നും റിപ്പോര്‍ട്ടുണ്ട്. റഫേല്‍ ഇടപാടിനെ സങ്കീര്‍ണ്ണമാക്കുന്ന വിവരങ്ങളാണിത്. സര്‍ക്കാര്‍ പറയുന്നത് യുപിഎയുടെ കാലത്ത് ഉള്ളതിനേക്കാള്‍ ലാഭകരമായാണ് എന്‍ഡിഎ ഈ കരാര്‍ പുതുക്കി ഏറ്റെടുത്തതെന്നാണ്. രണ്ട് ശതമാനം ലാഭം ഉണ്ടെന്നാണ് അവകാശ വാദം. എന്നാല്‍ ബാങ്ക് ഗ്യാരണ്ടിയുള്ള കരാറുമായി താരതമ്യം ചെയ്താല്‍ പുതിയ കരാര്‍ വളരെ വിലയേറിയതാണ്. 7485.87 കോടി ഡോളറായിരുന്നു ബാങ്ക് ഗ്യാരണ്ടി ഉള്ള കരാറിന് വേണ്ടിയിരുന്നത്. എന്നാല്‍ ബാങ്ക് ഗ്യാരണ്ടി ഇല്ലാതെ സര്‍ക്കാര്‍ ഒപ്പു വച്ച കരാറിന് വേണ്ടി വന്നത് 7879.45 കോടി ഡോളറാണ്.
പ്രധാനമന്ത്രിയുടേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും ഓഫീസുകള്‍ കേന്ദ്രീകരിച്ച് വിലപേശല്‍ സംവിധാനം രൂപപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പുതിയ കരാറില്‍ മേല്‍ക്കൈ ഫ്രഞ്ച് ഗവണ്‍മെന്റിനാണ്. ഐഎന്‍ഡി മുന്നോട്ട് വച്ച ശുപാര്‍ശ പ്രകാരമാണ് കരാര്‍ നടന്നിരുന്നതെങ്കില്‍ അതിന് ബാങ്ക് ഗ്യാരണ്ടിയുടെ ഒരു സുരക്ഷാ കവചം ഉണ്ടാകുമായിരുന്നു. ഇത് കേന്ദ്രസര്‍ക്കാറിന് ഒരു മേധാവിത്വം കരാറിന് മേല്‍ നല്‍കുകയും ചെയ്യുമായിരുന്നു. സാമ്പത്തിക നേട്ടവും ഉണ്ടാകുമായിരുന്നു. ഈ നേട്ടത്തിന് വിഘാതമായി നിന്നത് വിലപേശല്‍ സമാന്തര സംഘമാണെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. അന്നത്തെ പ്രതിരോധ സെക്രട്ടറി പ്രതിരോധ മന്ത്രിയ്ക്ക് ഇത് സംബന്ധിച്ച് നല്‍കിയ കുറിപ്പും ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. 36റഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറാണിത്. പ്രതിരോധമന്ത്രി അന്ന് കരാറില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അതിനെ മറികടന്ന് തീരുമാനം എടുക്കുകയായിരുന്നു. രാജ്യത്തിന് മേല്‍ക്കൈ നഷ്ടപ്പെടുന്ന രീതിയില്‍ ഈ കരാറില്‍ വിലപേശാന്‍ പ്രധാമന്ത്രിയുടെ ഓഫീസിന് എങ്ങനെ കഴിഞ്ഞുവെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്നത്.
അതേസമയം റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ ഉത്തരവിനെതിരെ നല്‍കിയ പുനഃപ്പരിശോധന ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കി കോടതിയെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് തുറന്ന കോടതിയില്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here