ഉത്തര്‍പ്രദേശില്‍ രണ്ട് കശ്മീരി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് വീഡിയോ പ്രചരിപ്പിച്ചു

ഉത്തര്‍പ്രദേശില്‍ കശ്മീരി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ചു. ലക്നൗവിലെ ഡാലിഗഞ്ചില്‍ ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു സംഭവം. ഡ്രൈഫ്രൂട്ട് വില്‍പ്പനക്കാരായ യുവാക്കളെയാണ് ഒരു സംഘമാളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. യുവാക്കള്‍ റോഡരികില്‍ ഇരിക്കവെ തീവ്ര വലതുപക്ഷ സംഘടകളില്‍പ്പെട്ട ഒരു സംഘം ആളുകള്‍ വടിയുമായെത്തി ആക്രമിക്കുകയായിരുന്നു.

വിശ്വഹിന്ദു ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നില്‍. വിശ്വ ഹിന്ദു ദള്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം നടന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ ഫെയ്‌സ്്ബുക്കിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കശ്മീരില്‍ നിന്നുള്ളവരായതിനാലാണ് ആക്രമിക്കുന്നതെന്ന് അക്രമികളിലൊരാള്‍ പറയുന്നത് വീഡിയോയിലുണ്ട്.


വര്‍ഷങ്ങളായി ലക്നൗവില്‍ ഡ്രൈ ഫ്രൂട്ട് വില്‍ക്കുന്നവരാണ് യുവാക്കള്‍. സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനും കലാപം സൃഷ്ടിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്.

ഫെബ്രുവരി 14ന് ജമ്മുകശ്മീരിലെ പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കശ്മീരികള്‍ക്കെതിരെ ആക്രമണം അഴിച്ചുവിടുകയാണ്. മിക്ക സംഭവങ്ങള്‍ക്ക് പിന്നിലും ഹിന്ദു അനുകൂല സംഘടനകളാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More