വയനാട്ടിൽ കൊല്ലപ്പെട്ടത് സിപി ജലീൽ എന്ന് സൂചന; സംഘാംഗങ്ങൾക്കായി തെരച്ചിൽ തുടരുന്നു

വയനാട് വൈത്തിരിയിലെ റിസോർട്ടിൽ ഇന്നലെ തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് സിപി ജലീൽ എന്ന് സൂചന. ഇന്ന് പുലർച്ചെ വരെയും തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുള്ള വെടിവെപ്പ് തുടർന്നു. വൈത്തിരിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളിൽ ചിലർ പ്രദേശത്ത് തന്നെ ഉണ്ടെന്ന നിഗമനവും പൊലീസിനുണ്ട്. സംഘാംഗങ്ങൾക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം, ഐജി, ജില്ല കളക്ടർ, സബ് കളക്ടർ എന്നിവർ റിസോട്ടിലെത്തിയിട്ടുണ്ട്.
വൈത്തിരിയിൽ പൊലീസ് ഉന്നതതല യോഗം ചേർന്നു. കണ്ണൂർ റേഞ്ച് ഐജിയുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തിൽ കണ്ണൂർ റേഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായ, വയനാട് എസ്പി ആർ കറുപ്പ് സ്വമി, ജില്ല കളക്ടർ സി കെ അജയകുമാർ എന്നിവർ പങ്കെടുത്തു. ഏറ്റുമുട്ടലിനിടെ ഒരു മാവോയിസ്റ്റ് അറസ്റ്റിലായിട്ടുണ്ട്.
Read Also : വയനാട് റിസോർട്ടിൽ എത്തിയ മാവോയിസ്റ്റ് സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു
രാത്രി 9 മണിയോടെയാണ് വൈത്തിരി കോഴിക്കോട് റോഡിലെ ഉഭവൻ റിസോർട്ടിൽ മാവോയിസ്റ്റ് സംഘമെത്തുന്നത്.പണം ആവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റുകൾ 15 മിനിറ്റോളം റിസോർട്ടിൽ തുടർന്നു,നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് റിസോർട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ നിറയൊഴിക്കുകയായിരുന്നു.തുടർന്ന് പോലീസും തിരികെ വെടിയുതിർക്കുകയും റിസോർട്ടിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയും ചെയ്തു.തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ പലതവണ വെടിവെപ്പുമുണ്ടായി.
തുടർന്ന് സ്ഥാലത്തെത്തിയ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടത്തി.ഇതിൽ ഗുരുതരമായി പരിക്കേറ്റ മാവോയിസ്റ്റ് മുരുകേശൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാവോയിസ്റ്റുകൾ പ്രദേശത്ത് വന്ന്‌പോയിരുന്നതായി നാട്ടുകാർ പറയുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here