‘ശത്രുതയല്ല വേണ്ടത് വികസനത്തിനുള്ള സഹകരണം’; അതിർത്തി തർക്കങ്ങൾ ഇരു രാജ്യങ്ങളെ ബാധിക്കരുത്, ഷി ജിൻ പിങ്

ഇന്ത്യാ – ചൈന ബന്ധം ഊഷ്മളമാക്കി നരേന്ദ്രമോദി, ഷി ജിൻപിങ് കൂടിക്കാഴ്ച. ശത്രുതയല്ല വികസനത്തിനുള്ള സഹകരണമാണ് വേണ്ടതെന്നും അതിർത്തി തർക്കങ്ങൾ ഇന്ത്യ- ചൈന ബന്ധത്തെ ബാധിക്കരുതെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. സാമ്പത്തിക വികസനത്തിലായിരിക്കണം ഇരു രാജ്യങ്ങളുടെയും ശ്രദ്ധ പുലർത്തേണ്ടത്. വികസന അവസരങ്ങളൊരുക്കുന്നതിൽ ഇരു രാജ്യങ്ങളും ശ്രദ്ധിച്ചാൽ ബന്ധം മെച്ചപ്പെടുമെന്നും ഷി ജിൻ പിങ് വ്യക്തമാക്കി.
അമേരിക്കൻ തീരുവ ഭീഷണിയ്ക്കിടെയായിരുന്നു ലോകം ഉറ്റുനോക്കിയ നിർണായക ചർച്ച. ഷാങ്ഹായ് സഹകരണ ഉച്ചകോടിക്ക് മുൻപായി ടിയാൻജിനിൽ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച 55 മിനുട്ട് നീണ്ടു. ഏഴ് വർഷത്തിനിടെ ആദ്യമായാണ് ചൈനയിൽ ഇരുനേതാക്കളും നേരിൽ കണ്ടത്. ഇന്ത്യ-ചൈന അതിർത്തിയിൽ നിലവിൽ ശാന്തമായ അന്തരീക്ഷമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ ബ്രിക്സ് ഉച്ചകോടിക്കായി ഷി ജിൻ പിങ്ങിനെ, പ്രധാന മന്ത്രി മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വ്യാളി- ആന സൗഹൃദം മെച്ചപ്പെടണമെന്നും നല്ല അയൽക്കാരായി തുടരണമെന്നും ഷീ ജിൻ പിങ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വവുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തി.
അതേസമയം, ഇന്തോനേഷ്യയിലെ ജനപ്രതിനിധികളുടെ ആനുകൂല്യങ്ങൾ റദ്ദാക്കാൻ രാഷ്ട്രീയപാർട്ടികൾ സമ്മതിച്ചതായി പ്രസിഡന്റ് പ്രബാവോ സുബിയാന്റോ. ആനുകൂല്യങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്ന ജനകീയ പ്രക്ഷോഭത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ജനപ്രതിനിധി സഭാ അംഗങ്ങൾക്ക് പ്രതിമാസം 2,68,000 രൂപ ഭവന അലവൻസ് ലഭിക്കുന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണ് പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധത്തിനിടെ ജക്കാർത്തയിൽ പൊലീസ് വാഹനമിടിച്ച് ബൈക്ക് ടാക്സി ഡ്രൈവർ കൊല്ലപ്പെട്ടതോടെയാണ് സമരം ശക്തിപ്പെട്ടത്.
Story Highlights : Chinese President Xi Jinping: We need cooperation for development, not hostility
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here