ഹിമചൽ പ്രദേശിൽ കുടുങ്ങിയ മലയാളികളെ തിരികെ നാട്ടിൽ എത്തിക്കും; വിഷയത്തിൽ ഇടപെട്ട് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ

കനത്ത മഴയും മണ്ണിടിച്ചിലും തുടരുന്ന ഹിമാചലിൽ വിനോദസഞ്ചാരത്തിന് പോയ മലയാളി സംഘം കുടുങ്ങിയ സംഭവത്തിൽ ഇടപെടലുമായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. കുടുങ്ങിയ മലയാളികളെ നാളെ തിരികെ എത്തിക്കും കുടുങ്ങിയവർക്ക് ഭക്ഷണം അടക്കമുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കിയതായി മന്ത്രി ജോർജ് കുര്യന്റെ ഓഫീസ് അറിയിച്ചു. ബോർഡർ റോഡ് ഓർഗനൈസേഷൻ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്ര മന്ത്രിയുടെ ഓഫീസ് സംസാരിച്ചു.
മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിരുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് കൽപ്പ എന്ന സ്ഥലത്താണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കുന്നതിനുള്ള സത്വര ഇടപ്പെടൽ ഉണ്ടാവണമെന്ന് ഹിമാചൽ സർക്കാരിനോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഹിമാചൽ സർക്കാരിലെ സർക്കാർ ഉദ്യോഗസ്ഥരുമായി ആശയ വിനിമയം നടത്തിവരുന്നുണ്ട്. കുടുങ്ങി കിടക്കുന്നവരുടെ സുരക്ഷയും സുഗമമായ മടങ്ങിവരവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ഹിമാചൽ സർക്കാരിനോട് അഭ്യർത്ഥിച്ചു.
ഓഗസ്റ്റ് 25ന് ഡൽഹിയിൽ നിന്നാണ് 25പേരടങ്ങുന്ന സംഘം സ്പിറ്റി വാലി സന്ദർശിക്കാൻ പോയത്. തിരിച്ച് വരാനാരിക്കെ ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലിൽ തകർന്നു. ഇതോടെ 25 പേരടങ്ങുന്ന സംഘം തിരിച്ചുവരാനാകാതെ പ്രദേശത്ത് കുടുങ്ങുകയായിരുന്നു.
അതേസമയം, ഷിംലയിലേക്കുള്ള റോഡ് മാർഗം പൂർവസ്ഥിതിയാലാകാൻ ദിവസങ്ങൾ എടുക്കുമെന്നാണ് പ്രാദേശിക ഭരണകൂടം അറിയിച്ചത്. മേഖലയിൽ ഇപ്പോഴും കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
Story Highlights : Union Minister George Kurien intervenes in the incident of Malayali tourists getting stuck in Himachal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here