മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട ഏറ്റുമുട്ടല്‍ പൊലീസും റിസോര്‍ട്ട് ഉടമകളും നടത്തിയ ഗൂഢാലോചന: സിപിഐ(എംഎല്) റെഡ് സ്റ്റാര്‍

വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ട സംഭവം റിസോര്‍ട്ടുടമകളും പൊലീസും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയെന്ന് സിപിഐ (എംഎല്) റെഡ് സ്റ്റാര്‍ സംസ്ഥാന സെക്രട്ടറി എം കെ ദാസന്. പുറത്ത് വന്ന് കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇക്കാര്യമാണ് വ്യക്തമാക്കുന്നത്. കൊലപാതകത്തെ അപലപിക്കുന്നതായും സിപിഐ (എംഎല്) റെഡ് സ്റ്റാര്‍ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
കേരളം പോലെ ജനസാന്ദ്രതയേറിയ പ്രദേശത്ത് ദേശീയ പാതയോട് ചേര്‍ന്നുള്ള ഒരു റിസോര്‍ട്ടില്‍ ഇത്തരത്തില്‍ ഒരു വെടിവെപ്പും കൊലയും നടത്തേണ്ട എന്തു സാഹചര്യമാണ് ഉണ്ടായതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ആരെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെങ്കില്‍ അവരെ നിയമപരമായി നേരിടുന്നതിനു പകരം മാവോയിസ്റ്റ് ചാപ്പ കുത്തി വകവരുത്താമെന്നത് ഭരണകൂടത്തിന്റെ ഫാസിസ്റ്റ് സമീപനമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
കശ്മീരിലും മറ്റും നടക്കുന്ന ആസൂത്രിതമായ ഭരണകൂട ഏറ്റുമുട്ടലുകളുടെ അനുഭവങ്ങളെയും ഈ സന്ദര്‍ഭത്തില്‍ നാം കാണാതിരുന്നു കൂടാ. ഇത്തരം മാവോയിസ്റ്റ് വേട്ടക്ക് കനത്ത കേന്ദ്രഫണ്ടിനൊപ്പം മറ്റ് പാരിതോഷികങ്ങളും പൊലീസ് ഭരണസംവിധാനങ്ങള്‍ക്ക് ലഭിക്കുന്നതും ഏറ്റുമുട്ടല്‍ കൊലകള്‍ക്കുള്ള പ്രേരണയാകുന്നുണ്ട്. അങ്ങേയറ്റം ദുരൂഹത നിറഞ്ഞ ഈ വെടിവെപ്പിനെയും കൊലയേയും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണം. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരേണ്ടതുണ്ട്. അതിനായി ജനാധിപത്യ പ്രസ്ഥാനങ്ങളും ജനപക്ഷ പ്രവര്‍ത്തകരും മുന്നോട്ടു വരണമെന്നും എം കെ ദാസന് പറഞ്ഞു.
ജലീലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി പി റഷീദും രംഗത്തെത്തി. ജലീലിനെ മറ്റെവിടെ നിന്നെങ്കിലും പിടിച്ച് റിസോര്‍ട്ടുകാരുമായി ചേര്‍ന്ന് പൊലീസ് കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായി റഷീദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. റിസോര്‍ട്ടിനുള്ളില്‍ വെള്ളം ചാടുന്നതിന് ആര്‍ട്ടിഫിഷ്യലായി ഉണ്ടാക്കിയ കല്ലിനിടയില്‍ കമഴ്ത്തി കിടത്തിയ നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടത്. അവിടെവിടെയായി വെടികൊണ്ട് തെറിച്ചതെന്ന് തോന്നിക്കുന്ന രീതിയില്‍ രക്തത്തുള്ളികളുമുണ്ടായിരുന്നുവെന്നും റഷീദ് പറഞ്ഞു. ജലീലിന്റെ മരണത്തില്‍ മറ്റൊരു സഹോദരന് സി പി ജിഷാദ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടലുണ്ടായത്. വെത്തിരി-കോഴിക്കോട് റോഡിലെ ഉഭവന്‍ റിസോര്‍ട്ടില്‍ ഭക്ഷണവും പണവും ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകള്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. പത്തുപേര്‍ക്കുള്ള ഭക്ഷണമാണ് ആവശ്യപ്പെട്ടത്. ഇതിനിടെ റസ്റ്റോറന്റ് അധികൃതര്‍ പൊലീസിനെയും തണ്ടര്‍ബോള്‍ട്ടിനേയും വിളിച്ചുവരുത്തുകയായിരുന്നു. മാവോയിസ്റ്റാണ് ആദ്യം വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. തിരിച്ച് വെടിവെച്ചപ്പോള്‍ മാവോയിസ്റ്റുകള്‍ ചിതറിയോടിയെന്നും ഇതിനിടെയാണ് സി പി ജലീലിന് വെടികൊണ്ടതെന്നുമാണ് പൊലീസ് ഭാഷ്യം. കമഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ജലീല്‍ മാവോയിസ്റ്റ് ഗ്രൂപ്പിലെ കബനീദളം അംഗമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here