ജലീലിനെ മറ്റെവിടെ നിന്നെങ്കിലും പിടിച്ച് റിസോര്‍ട്ടുകാരുമായി ചേര്‍ന്ന് കൊലപ്പെടുത്തിയതാകാം: മരണത്തില്‍ ദുരൂഹതയെന്ന് സഹോദരന്‍ റഷീദ്

വൈത്തിരിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി പി ജലീലിന്റെ മരണത്തില്‍ ദുരൂഹതയെന്ന് സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായി സി പി റഷീദ് മാധ്യമങ്ങളോട്. റിസോര്‍ട്ടിനുള്ളില്‍ വെള്ളം ചാടുന്നതിന് ആര്‍ട്ടിഫിഷ്യലായി ഉണ്ടാക്കിയ കല്ലിനിടയില്‍ കമഴ്ത്തി കിടത്തിയ നിലയിലാണ് ജലീലിനെ കണ്ടത്. അവിടെവിടെയായി വെടികൊണ്ട് തെറിച്ചതെന്ന് തോന്നിക്കുന്ന രീതിയില്‍ രക്തത്തുള്ളികളുണ്ട്. സി പി ജലീലിനെ മറ്റെവിടെ നിന്നെങ്കിലും പിടിച്ച് റിസോര്‍ട്ടുകാരുമായി ചേര്‍ന്ന് കൊലപ്പെടുത്തിയതാകാമെന്ന് സംശയിക്കുന്നതായും റഷീദ് മാധ്യമങ്ങളോട് വിശദീകരിച്ചു.
രാവിലെ വരെ വെടിവെയ്പ് നടന്നു എന്നത് അവിശ്വസനീയമാണ്. 24 മണിക്കൂര്‍ വെടിവെയ്പ് തുടരണമെങ്കില്‍ എത്രത്തോളം വെടിയുണ്ട വേണ്ടിവരും. തണ്ടര്‍ബോള്‍ട്ട് പൊലീസിനോ സൈന്യത്തിനോ പോലും നിര്‍ത്താതെ വെടിവെയ്ക്കാന്‍ മാത്രം ഉണ്ട ഉണ്ടാകില്ലെന്നും റഷീദ് പറയുന്നു. ജലീലിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ജലീലിന്റെ മറ്റൊരു സഹോദരന്‍ സി പി ജിഷാദും പറഞ്ഞു. സാധാരണ പരിക്കുപറ്റിയാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ജലീലിനെ അവിടെകിടന്ന് മരിക്കാന്‍ പൊലീസ് വിട്ടുനല്‍കുകയായിരുന്നുവെന്നും ജിഷാദ് ആരോപിച്ചു. 2015 മുതല്‍ ജലീല്‍ നാട്ടിലില്ലെന്നും ജിഷാദ് വ്യക്തമാക്കുന്നു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും ഏറ്റുമുട്ടലുണ്ടായത്. വെത്തിരി-കോഴിക്കോട് റോഡിലെ ഉഭവന്‍ റിസോര്‍ട്ടില്‍ ഭക്ഷണവും പണവും ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകള്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. പത്തുപേര്‍ക്കുള്ള ഭക്ഷണമാണ് ആവശ്യപ്പെട്ടത്. ഇതിനിടെ റസ്റ്റോറന്റ് അധികൃതര്‍ പൊലീസിനെയും തണ്ടര്‍ബോള്‍ട്ടിനേയും വിളിച്ചുവരുത്തുകയായിരുന്നു. മാവോയിസ്റ്റാണ് ആദ്യം വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. തിരിച്ച് വെടിവെച്ചപ്പോള്‍ മാവോയിസ്റ്റുകള്‍ ചിതറിയോടിയെന്നും ഇതിനിടെയാണ് ജലീലിന് വെടികൊണ്ടതെന്നുമാണ് പൊലീസ് ഭാഷ്യം. കമഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ജലീല്‍ മാവോയിസ്റ്റ് ഗ്രൂപ്പിലെ കബനീദളം അംഗമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here