Advertisement

പോര് നിർത്താതെ ​ഗവ​ർണറും സർക്കാരും; പ്രതിസന്ധിയിൽ സർവകലാശാലകൾ

5 hours ago
2 minutes Read

കേരളത്തില്‍ ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് എന്നത് പുതുമയുളള വാര്‍ത്തയല്ലാതായിട്ട് വര്‍ഷം നാലായിരിക്കുന്നു. സര്‍ക്കാര്‍-ഗവര്‍ണര്‍ പോരിന് വഴിവെച്ചതാവട്ടെ സര്‍വകലാശാലകളുടെ ഗവര്‍ണറുടെ ചാന്‍സിലര്‍ എന്ന പദവിയുമായി ബന്ധപ്പെട്ടായിരുന്നു. ദീര്‍ഘകാലമായി നടക്കുന്ന സര്‍ക്കാര്‍-ചാന്‍സിലര്‍ പോരാട്ടത്തില്‍ സ്ഥിരം വി സി നിയമനം അടക്കമുള്ള വളരെ ഗൗരവമുള്ള വിഷയങ്ങളില്‍ തീരുമാനം എടുക്കാതെ പോവുകയാണ്. കേരളത്തിലെ സര്‍വകലാശാലകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നിര്‍ദേശവും ചാന്‍സിലറുടെ ഭാഗത്തുനിന്നോ, സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടാവുന്നില്ല. രാഷ്ട്രീയാടിസ്ഥാനത്തില്‍ രൂപീകൃതമായ സര്‍വകലാശാല സിന്‍ഡിക്കേറ്റും ഇത്തരം രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കാണ് എന്നും മുന്‍ഗണന നല്‍കുന്നത്.

രാഷ്ട്രീയ അജണ്ട നടപ്പാക്കാന്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ മത്സരിക്കുകയാണ്. കേരള സര്‍വകലാശാല വി സിയായ ഡോ മോഹന്‍ കുന്നുമ്മലും രജിസ്ട്രാറും തമ്മിലുള്ള പോരാട്ടത്തിലും സമര കോലാഹലങ്ങള്‍ക്കുമാണ് ഇത് വഴിവച്ചത്. ഭാരതാംബ വിഷയം സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയമായി മാറി. ഇതിനിടയിലാണ് വി സിമാരുടെ താത്കാലിക നിയമനം സംബന്ധിച്ച് നേരത്തെ കോടതി വിധിയുണ്ടാവുന്നത്. താല്കാലിക വി സി നിയമനം ചട്ടങ്ങള്‍ പ്രകാരമല്ലെന്നായിരുന്നു കോടതിവിധി. ഇതോടെ വി സി നിയമന നടപടികള്‍ കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായി.

സാങ്കേതിക സര്‍വകലാശാല, ഡിജിറ്റൽ സർവകലാശാല വി സി നിയമനത്തിലാണ് കോടതിയുടെ വിധി. താത്കാലിക വി സി നിയമനം സംബന്ധിച്ച നിയമപോരാട്ടം തുടരുകയാണ്. സിസ തോമസിനെ താല്ക്കാലിക വി സി യായി നിയമിച്ചതിനെതിരേയാണ് സര്‍ക്കാര്‍ മുന്‍ ഗവര്‍ണറുമായി ഏറ്റുമുട്ടിയത്. ഇപ്പോഴത്തെ ഗവര്‍ണറും താത്കാലിക വി സി നിയമനവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. ചാന്‍സിലര്‍ എന്നത് ഒരു സാങ്കേതിക പദവി മാത്രമാണെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഈ പദവി സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയതാണ്. അതിനാല്‍ അത് തിരിച്ചുപിടിക്കാനുള്ള നീക്കമാണ് നേരത്തെ സംസ്ഥാനത്ത് നടന്നത്.

Read Also: ‘അന്ന് നികൃഷ്ടജീവി, ഇന്ന് അവസരവാദി’; പാംപ്ലാനിയെ വിടാതെ സി പി ഐ എം; പ്രതികരിച്ച് സിറോമലബാര്‍ സഭ

ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ബില്‍ ഒരു വര്‍ഷം മുന്‍പ് കേരള നിയമസഭ ഐക്യകണ്‌ഠേന പാസാക്കിയിരുന്നു. എന്നാല്‍ ആ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറാവാതെ വന്നോടെ നിയമമായില്ല. ബില്‍ പിന്നീട് രാഷ്ട്രപതിക്ക് അയച്ചുവെങ്കിലും രാഷ്ട്രപതിഭവന്‍ ബില്‍ മടക്കുകയായിരുന്നു.

ഗവര്‍ണറെ നീക്കണമെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാനുമായുള്ള ഏറ്റുമുട്ടല്‍ കാലത്തെ പ്രധാന ആവശ്യം. നയപ്രഖ്യാപന പ്രസംഗം, മന്ത്രിമാരുടെ സത്യപ്രതിജ്ഞ, ബില്ലുകള്‍ നിയമമാക്കല്‍ തുടങ്ങിയ അവസരത്തില്‍ മാത്രമാണ് ഗവര്‍ണറുമായി സര്‍ക്കാര്‍ നേരിട്ടുള്ള ബന്ധം. സ്വാതന്ത്ര്യദിനാചരണത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വകുപ്പ് തലവന്മാരും ഒപ്പം പ്രമുഖരും മറ്റും പങ്കെടുക്കുന്ന വിരുന്ന് സംഘടിപ്പിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ വര്‍ഷം ആരിഫി മുഹമ്മദ് ഖാനുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് വിരുന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌ക്കരിച്ചു. ഒരുമിച്ച് നടക്കാന്‍ രാജ്ഭവനിലേക്ക് വിളിച്ച രാജേന്ദ്ര ആര്‍ലേക്കറുമായും എല്‍ ഡി എഫ് സര്‍ക്കാര്‍ അകല്‍ച്ചയിലായതോടെ രാജ്ഭവനുമായുള്ള ഏറ്റുമുട്ടല്‍ ഒരു തുടര്‍ക്കഥയായി.

ഗവര്‍ണര്‍ -സര്‍ക്കാര്‍ പോരാട്ടങ്ങളുടേയെല്ലാം മൂലകാരണം സര്‍വകലാശാലയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളായിരുന്നു. കേരള , കണ്ണൂര്‍ സര്‍വകലാശാല വിഷയങ്ങളില്‍ ആരംഭിച്ച തര്‍ക്കമാണ് ഗവര്‍ണര്‍ മാറിയിട്ടു പരിഹാരമില്ലാതെ മുന്നേറുന്നത്. നിരവധി വിവാദങ്ങളായിരുന്നു ആരിഫ് മുഹമ്മദ്ഖാന്റെ കാലത്ത് ഉണ്ടായത്. ബില്ലുകള്‍ തടഞ്ഞു വെച്ചതും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും പരസ്യമായി വിമര്‍ശിച്ചതടക്കം നിരവധി വിവാദങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കമിട്ടു.

വി സി നിയമനം സംബന്ധിച്ച തര്‍ക്കം, സിന്‍ഡിക്കേറ്റ് രൂപീകരണം തുടങ്ങിയ വിഷയങ്ങളില്‍ തര്‍ക്കം ഉച്ഛസ്ഥായിലായി. ചാന്‍സിലര്‍ സ്വന്തം നിലയില്‍ വി സി നിയമനത്തിന് തുനിഞ്ഞത് സര്‍ക്കാരിനെ ചൊടിപ്പിച്ചു. ഇതോടെയാണ് അധികാര തര്‍ക്കം രൂക്ഷമായത്. ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരുമായി നിരന്തരം ഏറ്റുമുട്ടിയയെങ്കില്‍ ഇപ്പോഴത്തെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരസ്യപ്രതികരണത്തിന് തയ്യാറല്ല. രാജ്ഭവന്‍ ആര്‍ എസ് എസ് കേന്ദ്രമാക്കിമാറ്റുന്നുവെന്നാണ് സി പിഐഎമ്മിന്റെ ആരോപണം. സംഘപരിവാര്‍ അജണ്ട സര്‍വകലാശാലകളില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് പരാതി.

രാജേന്ദ്ര അർലേക്കർ ഗവര്‍ണര്‍ പദവി ഏറ്റെടുത്തതോടെ സി പി ഐ എം വലിയ ആശ്വാസത്തിലായിരുന്നു. പുതിയ ഗവര്‍ണര്‍ ജനാധിപത്യബോധമുള്ളയാളാണ് എന്നായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാട്. ഏറ്റുമുട്ടലല്ല, സര്‍ക്കാരിനെ സഹായിക്കലാണ് ഗവര്‍ണര്‍ എന്ന നിലയിലുള്ള തന്റെ ചുമതലയെന്നായിരുന്നു അര്‍ലേക്കറുടെ നിലപാട്. ഇതോടെ ഗവര്‍ണര്‍ -സര്‍ക്കാര്‍ ഭായി ഭായി എന്ന നിലയിലേക്ക് മാറിയെന്ന് ഇടത് നേതാക്കളും വിശ്വസിച്ചു. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ചുള്ള നയപ്രഖ്യാപന പ്രസംഗം സര്‍ക്കാര്‍ തയ്യാറാക്കിയതുപോലെ വള്ളിപുള്ളി തെറ്റാതെ വായിച്ചു, ഇതോടെ കേരള ഗവര്‍ണര്‍ സ്വന്തം ഗവര്‍ണര്‍ എന്ന നിലയിലേക്ക് വിലയിരുത്തലും വന്നു. എന്നാല്‍ അതിനൊന്നും അധികം ആയുസുണ്ടായില്ല.

ഭാരതാംബ വിഷയത്തോടെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് പഴയതിലും മോശമായി. സർവകലാശാലകളില്‍ വിഭജന ഭീതിദിനം ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശത്തിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രംഗത്തുവന്നു. ഗവര്‍ണറുടെ നിര്‍ദേശം നടപ്പാക്കിയാല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നായിരുന്നു മുന്നറിയിപ്പ്. സര്‍ക്കാറും രാജ്ഭവനും വീണ്ടും ഭിന്നത രൂക്ഷമായതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവന്റെ അറ്റ്‌ഹോം വിരുന്ന് സല്‍ക്കാരം ബഹിഷ്‌ക്കരിച്ചത്.

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ജസ്റ്റിസ് പി സാദശിവം ആയിരുന്നു കേരളത്തിലെ ഗവര്‍ണര്‍. തമിഴ് നാട്ടുകാരനായിരുന്നു അദ്ദേഹം. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന സദാശിവം വിരമിച്ചതിന് ശേഷം കേരള ഗവര്‍ണറായി നിയമിതനായി. ഗവര്‍ണര്‍ പദവിയെക്കുറിച്ചും, അധികാരത്തിന്റെ സര്‍ക്കാരുമായി ചില അഭിപ്രായ ഭിന്നതകളുണ്ടായിരുന്നുവെങ്കിലും മന്ത്രിസഭയുമായി ഏറ്റുമുട്ടാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല. ആദ്യമായാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ച ഒരാള്‍ ഗവര്‍ണറായിവരുന്നത്. ഇക്കാലയളവില്‍ മാത്രമാണ് ഗവര്‍ണര്‍-സര്‍ക്കാര്‍ പോരില്ലാതിരുന്നത്.

Story Highlights : Governor Rajendra Arlekar vs Kerala Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top