‘അന്ന് നികൃഷ്ടജീവി, ഇന്ന് അവസരവാദി’; പാംപ്ലാനിയെ വിടാതെ സി പി ഐ എം; പ്രതികരിച്ച് സിറോമലബാര്‍ സഭ

തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയ്ക്കെതിരെ സിപിഐഎം വിമർശനം തുടരുന്നതിനിടെ താക്കീതുമായി രംഗത്തെത്തിയിരിക്കുകയാണ് സിറോ മലബാര്‍ സഭ. പാംപ്ലാനിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് നിര്‍ത്തണമെന്നാണ് സിറോ മലബാര്‍ സഭയുടെ പ്രസ്താവന. സഭ എന്ത് പറയണമെന്നും, ആര്‍ക്ക് നന്ദിപറയണമെന്നും വ്യക്തമായ ധാരണയുണ്ടെന്നാണ് സഭാനേതൃത്വം സി പി ഐ എം നേതാക്കളോട് വ്യക്തമാക്കുന്നത്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സഭാനേതൃത്വം ബി ജെ പി നേതാക്കള്‍ക്ക് നന്ദിയറിയിച്ച സംഭവമാണ് സി പി ഐ എമ്മും സിറോമലബാര്‍ സഭയുമായുള്ള ബന്ധം വഷളാക്കിയത്.
സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് മാര്‍ ജോസഫ് പാംപ്ലാനിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. സംഘപരിവാര്‍ സംഘങ്ങള്‍തന്നെ അറസ്റ്റു ചെയ്യിപ്പിക്കുകയും അവരോട് നന്ദിപറയുകയും ചെയ്യുന്നുവെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. അവസരവാദിയാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെന്നും ക്രിസ്ത്യാനികള്‍ക്കെതിരെയുണ്ടാവുന്ന ആതിക്രമങ്ങളെ തള്ളിപ്പറയാന്‍ ബിഷപ്പിന് കഴിയുന്നില്ലെന്നും കടന്നാക്രമണത്തെ ശക്തമായി പ്രതിരോധിക്കുന്നതില്‍ ഉറച്ച നിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറിയുടെ വിമർശനം.
പാംപ്ലാനിയെപ്പോലെ അവസരവാദം പറയുന്ന വേറൊരു ആളില്ലെന്നായിരുന്നു എം വി ഗോവിന്റെ പ്രതികരണം. കന്യാസ്ത്രികള്‍ക്ക് ജാമ്യം കിട്ടിയപ്പോള്‍ ബി ജെ പി ഓഫീസ് കയറിയിറങ്ങുകയാണ് അച്ചന്മാര്‍. കേന്ദ്രമന്ത്രി അമിത്ഷായുള്‍പ്പെടെയുള്ള സോപ്പിടാന്‍ പോയി തിരികെ വരുമ്പോഴാണ് അച്ചന്‍മാര്‍ക്ക് മര്‍ദനമേറ്റവാര്‍ത്ത പുറത്തുവരുന്നത്. എന്തെങ്കിലുംകാണുമ്പോള്‍ കെയിക്കും വാങ്ങിപോയി പരിഹരിക്കുന്നതല്ല, അടിസ്ഥാനപരമായി മുസ്ലിംഗങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഇന്ത്യയില്‍ ജീവിക്കേണ്ടവരല്ല എന്നതാണ് സംഘപരിവാര്‍ അജണ്ട. ഇതിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ തയ്യാറാവണമെന്നാണ് എം വി ഗോവിന്ദന്റെ പ്രസംഗത്തിലെ ഉള്ളടക്കം. അതിന് സമാനമായ പ്രസ്താവനയാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും നടത്തിയത്. പാംപ്ലാനി പിതാവിനെപോലുള്ളവരെ കാത്തിരിക്കുന്നത് ഹിറ്റ്‌ലറുടെ ചെയ്തികളെ പിന്തുണച്ച നിയോ മുള്ളറുടെ ഗതിയാണെന്നായിരുന്നു സനോജ് പറഞ്ഞത്. ചില പിതാക്കന്മാര്‍ ആര്‍ എസ് എസിന് കുഴലൂത്ത് നടത്തുന്നരാണെന്നും കെയ്ക്കുമായി ആര്‍ എസ് എസ് ശാഖയിലേക്ക് പോവുന്നുവെന്നുമായിരുന്നു സനോജിന്റെ വിമർശനം.
കത്തോലിക്കാ കോണ്‍ഗ്രസ് നേതാവ് എം വി ഗോവിന്ദനെ ഗോവിന്ദചാമിയോട് ഉപമിച്ചാണ് മറുപടി നൽകിയത്. എം വി ഗോവിന്ദന്റെ പ്രസ്താവന സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന കടന്നാക്രമണത്തിലും കടന്നതാണെന്നായിരുന്നു സഭാവക്താവിന്റെ പ്രതികരണം. എ കെ ജി സെന്ററില്‍ നിന്നും തിട്ടൂരം വാങ്ങി വേണോ കത്തോലിക്കാ സഭയിലെ മെത്രാന്‍മാര്‍ക്ക് പ്രതികരിക്കാന്‍ എന്നായിരുന്നു സഭയുടെ പ്രതികരണം.
മത്തായി ചാക്കോ എം എല്‍ എയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അന്നത്തെ സി പി ഐ എം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ താമരശേരി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിശേഷിപ്പിച്ചത് വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സഭയുമായുള്ള അകല്‍ച്ചയ്ക്കുപോലും ഈ വിവാദ പ്രസ്താവന വഴിയൊരുങ്ങി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇപ്പോൾ ക്രൈസ്തവരെ പിണക്കുന്ന നിലപാട് സ്വീകരിച്ചതില്‍ സി പി ഐ എമ്മിലും അഭിപ്രായഭിന്നതയുണ്ട്. ഛത്തീസ്ഗഡ് വിഷയത്തില്‍ സി പി ഐ എം ലക്ഷ്യമിട്ട രാഷ്ട്രീയ നേട്ടം നേടാനാവാത്തതാണ് ഇത്തരം പ്രതികരണങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് സിസ്റ്റര്‍ പ്രീതി മേരിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിയും അറസ്റ്റിലായ സംഭവം വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ അടക്കമുള്ള നേതാക്കള്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് ജാമ്യത്തിന് വഴിയൊരുക്കിയത്.
Story Highlights : Archbishop of Thalassery Mar Joseph Pamplany vs CPIM
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here