Advertisement

സൂര്യാഘാതം; കേരള പൊലീസിന്റെ മുന്നറിയിപ്പ് ‘ട്രോള്‍’

March 7, 2019
1 minute Read
kerala police

ട്രോളുകളിലൂടെ കേരളപൊലീസ് സാമൂഹ്യമാധ്യമങ്ങളിലെ താരമാണ്. സംഗതി സീരിയസാണെങ്കിലും തമാശ നിറഞ്ഞ ട്രോളുകളിലൂടെയാണ് കേരള പൊലീസിന്റെ ഫെയ്സ് ബുക്ക് രംഗത്ത് എത്താറ്. സൂര്യാഘാതത്തെ കുറിച്ചുള്ള മുന്നറിയിപ്പുമായി കേരള പൊലീസ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. തമാശ നിറഞ്ഞ ട്രോളാണ് ഈ മുന്നറിയിപ്പിനും കൊടുത്തിരിക്കുന്ന ചിത്രം.

കേരളപോലീസ് നല്‍കുന്ന മുന്നറിയിപ്പ് ഇങ്ങനെ

സൂര്യാഘാതം (Sunburn) മുൻകരുതൽ വേണം.

സംസ്ഥാനത്ത് പല ജില്ലകളിലും അന്തരീക്ഷ താപം ക്രമാതീതമായി ഉയരുന്നതിനാല്‍ സൂര്യതാപമേറ്റുള്ള പൊള്ളലുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൂര്യനിൽ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങൾ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം (Sunburn). അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്‍റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് കാരണം. സൂര്യതാപത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് കനത്ത ചൂടിനെത്തുടര്‍ന്ന് ജലവും ലവണവും വിയര്‍പ്പിലൂടെ നഷ്ടപ്പെടുമ്പോള്‍ സംഭവിക്കുന്നത്. പ്രായാധിക്യമുളളവരിലും വെയിലത്ത് ജോലിചെയ്യുന്നവരിലും രക്തസമ്മര്‍ദ്ദം കൂടുതലുള്ളവരിലും ഇത്തരം അവസ്ഥയുണ്ടാകാം.

സൂര്യാഘാതം- ലക്ഷണങ്ങൾ :
വെയിലത്ത് ജോലി ചെയ്യുമ്പോൾ പേശിവലിവ് അനുഭവപ്പെടുന്നതാണ് തുടക്കം. കാലുകളിലെയും ഉദരത്തിലെയും പേശികള്‍ കോച്ചിപ്പിടിച്ചു വേദന തോന്നുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതിന്‍റെ ലക്ഷണമാണിത്. ഈയവസരത്തില്‍ ജോലി മതിയാക്കി വിശ്രമിക്കണം.
പ്രശ്നം ഗുരുതരമാകുന്നതിന്‍റെ ലക്ഷണങ്ങള്‍ ഇവയാണ്. മനംപുരട്ടല്‍, ഓക്കാനം, ചര്‍ദ്ദി, ശരീരത്തിന്‍റെ ചൂട് പെട്ടെന്ന്കൂടുക, വിയര്‍ക്കാതിരിക്കുക, ചര്‍മ്മം ചുവന്നു ഉണങ്ങി വരളുക, തലചുറ്റി വീഴുക, ഓര്‍മ്മക്കേട്‌, ബോധക്ഷയം.

സൂര്യാഘാതം എങ്ങനെ തടയാം: – തണലുള്ള സ്ഥലത്തു നിൽക്കുക . ധാരാളം വെള്ളം കുടിക്കുക, ഫലവർഗങ്ങൾ ധാരാളം കഴിക്കുക. രാവിലെ 11 മുതൽ വൈകിട്ട് 3 വരെയുള്ള വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കുക.

സൂര്യാഘാതം- പ്രഥമ ചികിത്സ: എത്രയും വേഗം രോഗിയുടെ ശരീരം തണുപ്പിക്കുക. സാധിക്കുമെങ്കില്‍ രോഗിയെ തണുത്തവെള്ളത്തില്‍ കിടത്തുകയോ, നനഞ്ഞ തണുത്ത തുണികൊണ്ട്‌ പൊതിയുകയോ, തണുത്തവെള്ളം, മഞ്ഞു കട്ട എന്നിവകൊണ്ട്‌ തൊലിപ്പുറമേ ഉഴിയുകയോ ചെയ്യുക. ചുരുക്കത്തില്‍ ശരീരം തണുപ്പിക്കുക.രോഗിയുടെ ശരീരതാപം 101 ഡിഗ്രി ഫാരന്‍ഹീറ്റില്‍ എത്തിയാല്‍, ഒരു തണുത്ത മുറിയില്‍ ഒരു വശത്തേക്ക്‌ ചരിച്ച്‌, റിക്കവറി പൊസിഷനില്‍ (രോഗശമന രീതിയില്‍) അയാളെ കിടത്താം.ശരീരതാപം വീണ്ടും വര്‍ദ്ധിക്കാന്‍ തുടങ്ങിയാല്‍, തണുപ്പിക്കല്‍ പ്രക്രീയ ആവര്‍ത്തിക്കണം.രോഗിക്ക്‌ കുടിക്കുവാന്‍ ബുദ്ധിമുട്ടില്ലെങ്കില്‍ അല്‍പ്പം വെള്ളം നല്‍കാം.മരുന്നുകള്‍ ഒന്നും നല്‍കരുത്‌. വിദഗ്ദ്ധരുടെ സേവനം തേടുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top