പരീക്ഷയ്ക്ക് മുമ്പില്‍ പതറരുത്; മന്ത്രിയുടെ ഉപദേശത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ വിലാപം

‘പരീക്ഷയ്ക്കു മുന്നില്‍ പതറരുത്, ചിരിച്ചുകൊണ്ട് എഴുതണം. വിസ്തരിച്ച് ഉത്തരമെഴുതണം. നല്ല മാര്‍ക്ക് കിട്ടും.’
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ തലേന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മവിശ്വാസം പകരുന്ന വാക്കുകള്‍ മന്ത്രി പറഞ്ഞത്.
എന്നാല്‍ ആദ്യപരീക്ഷയായ പ്ലസ്ടു രസതന്ത്രം കഴിഞ്ഞപ്പോള്‍ ഈ വീഡിയോയ്ക്കു താഴെ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളുടെ കൂട്ടക്കരച്ചിലാണ് കണ്ടത്. ഇതിന് പിന്നാലെ മന്ത്രിയുടെ പേജിലെത്തിയ പോസ്റ്റുകള്‍ക്കെല്ലാം അടിയില്‍ വിലാപങ്ങള്‍ കമന്റുകളായി നിറയുകയാണ്.
കടുകട്ടിയായ ചോദ്യങ്ങളെ നേരിട്ടശേഷമുള്ള സങ്കടവും നിരാശയും ആ കമന്റുകളില്‍ തെളിഞ്ഞുനിന്നു. പതറരുത് എന്ന മന്ത്രിയുടെ ആഹ്വാനത്തിനു താഴെ പതറിയ വിദ്യാര്‍ഥികളുടെ പ്രതികരണങ്ങളാണ് വന്നുനിറയുന്നത്. പുനഃപരീക്ഷ വേണമെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണത്തേക്കാള്‍ മൂല്യനിര്‍ണയം ഉദാരമാക്കണമെന്ന് ആവശ്യപ്പെടുന്നവരാണ് കൂടുതല്‍. പരീക്ഷ എഴുതിയവരുടെ രക്ഷിതാക്കള്‍, സഹോദരങ്ങള്‍ എന്നിവരും സങ്കടങ്ങള്‍ നിരത്തിയവരുടെ കൂട്ടത്തിലുണ്ട്. മന്ത്രിയുടെ മണ്ഡലമായ പുതുക്കാട് നിയോജകമണ്ഡലത്തിലെ ചക്കാലക്കടവ് പാലത്തിന് ഭരണാനുമതി കിട്ടി എന്നറിയിക്കുന്ന പോസ്റ്റിനു താഴേയും രസതന്ത്രമാണ് മുന്നില്‍. ‘പാലത്തിന്റെ കണക്കു നോക്കാതെ ഞങ്ങടെ കാര്യത്തില്‍ തീരുമാനമാക്കൂ സര്‍’ എന്നാണ് ഇതിലൊന്ന്.
Read More: അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ച് നടത്താന്‍ തീരുമാനം
രസതന്ത്രം അധ്യാപകന്‍ കൂടിയായ മന്ത്രിക്കെങ്കിലും ഈയൊരു ദുരവസ്ഥ മനസ്സിലാകുമെന്നു കരുതിയാണ് സങ്കടം പറയുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ചോദ്യപ്പേപ്പറും മന്ത്രിയുമായി ബന്ധമൊന്നുമില്ലെങ്കിലും പരാതി പറയാന്‍ ഇതുതന്നെ വേദി എന്ന തിരിച്ചറിവിലാണ് ഫെയ്സ്ബുക്ക് പേജ് തിരഞ്ഞെടുത്തത്. കമന്റുകള്‍ ഇടുന്ന ഓരോരുത്തരും പോസ്റ്റ് ഷെയര്‍ ചെയ്യുന്നുമുണ്ട്. പേജിന്റെ ലിങ്ക് വാട്സ് ആപ്പിലൂടെയും പ്രചരിപ്പിച്ച് പരാതി രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നുമുണ്ട്. നിവിന്‍ പോളി അഭിനയിച്ച ഒരു ചിത്രത്തിലെ പാട്ടായ ‘കാണാത്ത ലോകത്ത് ചെന്നപോലെ… കൈവിട്ട് താഴത്ത് വീണ പോലെ…’ ഉപയോഗിച്ചുള്ള ടിക് ടോക് വീഡിയോയും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here