‘ഞാൻ ഒരു ഭാവം കാണിച്ചപ്പോൾ അടുത്തുവന്ന് എന്നോടു പറഞ്ഞു അത് വേണ്ട എന്ന് ‘: പൃഥ്വിരാജിനെ കുറിച്ച് ഷാജോൺ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പൃഥ്വിരാജിന്റെ സംവിധാന പാടവത്തെ പുകഴ്ത്തി മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോൾ പൃഥ്വിരാജിനെക്കുറിച്ചും ലൂസിഫർ ചിത്രത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് കലാഭവൻ ഷാജോൺ.
ലൂസിഫറിൽ മോഹൻലാലിന്റെ സഹായി ആയിട്ടാണ് ഷാജോൺ എത്തുന്നത്. സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ചുമാണ് ലൂസിഫറിന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിൽ ഷാജോൺ പറയുന്നത്.
സിനിമയെ കുറിച്ച് പൃഥ്വിരാജിന് എല്ലാം അറിയാം. എന്താണ് എടുക്കാൻ പോകുന്നതെന്നും നമ്മൾ ചെയ്യേണ്ട ഭാവങ്ങൾ എല്ലാം അറിയാം. ഞാൻ ഒരു ഭാവം കാണിച്ചപ്പോൾ അടുത്തുവന്ന് എന്നോടു പറഞ്ഞു അത് വേണ്ട എന്ന്. ചേട്ടന്റെ ഇങ്ങനെയുള്ള എക്‌സ്പ്രഷൻ വേറെ ഏതോ സിനിമയിൽ ഞാൻ കണ്ടിട്ടുണ്ട് എന്നു പറഞ്ഞു. അങ്ങനെ ഓരോ അഭിനേതാക്കളെയും കുറിച്ച് പഠിച്ചിട്ടാണ് അദ്ദേഹം സംവിധായകന്റെ കസേരയിൽ ഇരുന്നതെന്നും ഷാജോൺ പറയുന്നു.
സിനിമയെക്കുറിച്ച് എടുത്തു പറയാനുള്ളത് പൃഥ്വിരാജ് എന്ന സംവിധായകനെ കുറിച്ചാണെന്നാണ് ഷാജോൺ പറയുന്നത്. സംവിധായകൻ എന്ന നിലയിൽ താരം ഞെട്ടിച്ചെന്നാണ് പറയുന്നത്. വളരെ പ്ലാനിങ്ങോടെയായിരുന്നു രാജുവിന്റെ ഷൂട്ട് ചെയ്തത്. പൃഥ്വിരാജിനെക്കുറിച്ച് ഷാജോൺ പറയുന്നത് ഇങ്ങനെ; ‘എല്ലാ സീനിലും കുറഞ്ഞത് പത്ത്, പതിനഞ്ച് ജൂനിയർ ആർട്ടിസ്റ്റുകളുണ്ടാകും. അത് വളർന്ന് വളർന്ന് 5000 വരെ ജൂനിയർ ആർടിസ്റ്റുകൾ വന്ന സീനുകൾ വരെയുണ്ടായി. അപ്പോഴൊന്നും ഒരു ടെൻഷനും കാണിക്കാതെ അനുഭവസമ്പത്തുള്ള ഒരു സംവിധായകന്റെ മെയ്‌വഴക്കത്തോടെയാണ് പൃഥ്വിരാജ് അതെല്ലാം ഷൂട്ട് ചെയ്തത്. ഞാൻ പൃഥ്വിരാജിനോട് ചോദിച്ചു, എങ്ങനെയാണ് ഇത് പറ്റുന്നത് എന്ന്? ചേട്ടാ ഇതൊന്നും വലിയ കാര്യമൊന്നുമില്ല, അങ്ങനെ വിചാരിച്ചാൽ മതി എന്നായിരുന്നു മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here