സര്‍ക്കാര്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ്

സര്‍ക്കാര്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മാവോയിസ്റ്റ് നേതാവ് രൂപേഷ്. ഒരു ദിവസത്തെ പരോളിന് ശേഷം വിയ്യൂര്‍ ജയിലിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു രൂപേഷിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം വയനാട്ടില്‍ പോലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാവ് സി പി ജലീല്‍ കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു രൂപേഷിന്റെ പ്രതികരണം.
ബുധനാഴ്ച രാത്രിയാണ് വൈത്തിരി – കോഴിക്കോട് റോഡിന് സമീപത്തെ റിസോര്‍ട്ടില്‍ വെച്ച് മാവോയിസ്റ്റ് നേതാവ് ജലീല്‍ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഭക്ഷണവും പണവും ആവശ്യപ്പെട്ടാണ് സംഘം എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ പൊലീസിനേയും തണ്ടര്‍ബോള്‍ട്ടിനേയും റിസോര്‍ട്ട് ജീവനക്കാര്‍ വിളിച്ചു വരുത്തുകയായിരുന്നു. ആദ്യം വെടിവെച്ചത് മാവോയിസ്റ്റാണെന്നാണ് പൊലീസ് ഭാഷ്യം. ഇത് തള്ളി റിസോര്‍ട്ട് മാനേജര്‍ ആദ്യം രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് തിരുത്തിയിരുന്നു.
അതേ സമയം വയനാട് ലക്കിടിയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റുകള്‍ മുന്‍പുമെത്തിയിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബുധനാഴ്ച ജലീല്‍ ഉള്‍പ്പെട്ട പത്തംഗ സംഘമാണ് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. രണ്ടു പേരാണ് റിസോര്‍ട്ടിനുള്ളില്‍ പ്രവേശിച്ചത്. ജലീലിനൊപ്പം ഉണ്ടായിരുന്നത് ചന്ദ്രുവാണെന്നും ഇയാളുടെ കൈപ്പത്തിക്ക് വെടിയേറ്റതായും പൊലീസ് പറയുന്നു. നിലമ്പൂര്‍ വെടിവെപ്പിന് പ്രതികാരം ചെയ്യാന്‍ രൂപീകരിച്ച വരാഹിണി ദളത്തിലെ അംഗമാണ് ചന്ദ്രു. അതേസമയം വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന ആരോപണവും ശക്തമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here