പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ഒരുകോടി വീതം നൽകി സിആർപിഎഫ്

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബത്തിന് ഒരുകോടി രൂപ വീതം നൽകിയതായി സിആർപിഎഫ് അറിയിച്ചു. കേന്ദ്രസർക്കാരിന്റെ 35 ലക്ഷം, കേന്ദ്ര ക്ഷേമഫണ്ടിൽ നിന്ന് 21.50 ലക്ഷം, ഭാരത് കീ വീർ ഫണ്ടിൽ നിന്ന് 15 ലക്ഷം, എസ്ബിഐയുടെ അർദ്ധസൈന്യ പാക്കേജിൽ നിന്ന് 30 ലക്ഷം എന്നിവ ഉൾപ്പെട്ടാണ് ഈ ഒരുകോടി രൂപ. ജവാൻമാരുടെ ജന്മദേശം ഉൾപ്പെട്ട സംസ്ഥാനങ്ങൾ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെയാണ് സിആർപിഎഫിന്റെ ഈ സഹായം.
ധനസഹായത്തിനൊപ്പം ജവാൻമാരുടെ അടിസ്ഥാനശമ്പളം കുടുംബത്തിലൊരാൾക്ക് പെന്‍ഷനായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ജവാൻമാരുടെ കുടുംബത്തിന് മാത്രമായി ഉപയോഗിക്കാൻ ഒരു മൊബൈൽ ആപ്ലിക്കേഷനും ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും സിആർപിഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കുടുംബങ്ങൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അത് പരിഹാരം തേടിയുള്ള സഹായങ്ങൾക്കായി ഈ ആപ്ലിക്കേഷൻ ഉപയോഗപ്പെടുത്താം.
ഈ കഴിഞ്ഞ ഫെബ്രുവരി 14 നാണ് കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണം ഉണ്ടായത്. സൈനികവാഹനവ്യൂഹം ലക്ഷ്യമിട്ട് ഭീകരർ നടത്തിയ ചാവേറാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here