എംപി ഫണ്ട് വിനിയോഗം മാവേലിക്കരക്കാര്‍ ചോദ്യം ചെയ്യുമോ?

ചങ്ങനാശേരി, കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, പത്തനാപുരം, കുന്നത്തൂര്‍, കൊട്ടാരക്കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട ലോക്സഭാ മണ്ഡലമാണ് മാവേലിക്കര. ഏഴില്‍ ആറിടത്തു നിന്നും നിയമസഭയിലേക്കെത്തിയത് ഇടതുസ്ഥാനാര്‍ത്ഥികള്‍. അടൂരിന് പകരം സംവരണ മണ്ഡലമായി മാറിയ മാവേലിക്കരയില്‍ പിന്നീട് 2 തവണയും (2009, 2014) ജയിച്ചത് കൊടിക്കുന്നില്‍ സുരേഷാണ്.
മാവേലിക്കര ലോകസഭ മണ്ഡലമാണ് കേരളത്തില്‍ സോഷ്യല്‍ മീഡിയക്ക് ഏറ്റവും സ്വാധീനക്കുറവുള്ള മണ്ഡലമെന്ന് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ വ്യക്തമായിരുന്നു. അത് കൊണ്ട് തന്നെ സോഷ്യല്‍ മീഡിയ വഴിയുള്ള ഗിമ്മിക്കുകള്‍ ഒരിക്കലും മാവേലിക്കരയുടെ സ്പന്ദനത്തെ സ്വാധീനിക്കില്ലെന്ന് ചുരുക്കം.
മണ്ഡലത്തിൽ ചർച്ചയാകുന്ന വിഷയങ്ങൾ
എം.പി.ഫണ്ട് വിനിയോഗം മണ്ഡലത്തിൽ ചർച്ചാ വിഷയമാകും. 68.5 ശതമാനം ഫണ്ട് മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. 7 കോടി 87 ലക്ഷം രൂപം മണ്ഡലത്തിനു നഷ്ടമായെന്ന ആരോപണം. കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുന്നതിൽ എം.പി. പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന ആരോപണവും ശക്തമാണ്. ഇ.എസ്.ഐ മെഡിക്കൽ കോളേജ്, പത്തനാപുരത്തെ റബർ പാർക്ക്, നൂറനാട് ഐ.റ്റി.ബി.പി കൊണ്ടു വന്നപ്പോൾ നൽകിയ വാഗ്ദാനം എന്നിവ പാലിക്കപ്പെട്ടില്ല തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. പഞ്ചായത്ത് അതോറിറ്റി അനുവദിച്ച 19.51 കോടിയില്‍ 12.96 കോടിയും അദ്ദേഹം മണ്ഡലത്തിന്റെ വികസനത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന വാദവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്.
മൂന്ന് ജില്ലകളിലായി ചിതറിക്കിടക്കുന്ന മണ്ഡലത്തില്‍ സാമുദായിക വോട്ടുകൾ മാവേലിക്കരയിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ണ്ണായകമാണ്. എന്‍എസ്എസ് വോട്ടുകളും നിര്‍ണ്ണായകമാകും.
2014ല്‍ കോണ്‍ഗ്രസ് ദേശീയ തലത്തില്‍ തകര്‍ന്നടിഞ്ഞപ്പോള്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അഭിമാനമുയര്‍ത്തിയ നേതാക്കളിലൊരാളായിരുന്നു കൊടിക്കുന്നില്‍ സുരേഷ്. 1989ലാണ് ആദ്യത്തെ മത്സരം. 1998ലും 2004ലും തോല്‍വിയുടെ രുചി അറിയുകയും ചെയ്തു. 2009ല്‍ സിപിഎമ്മിന്റെ ആര്‍എസ് അനിലിനെയും 2014ല്‍ ചെങ്ങറ സുരേന്ദ്രനെയും പരാജയപ്പെടുത്തി ശക്തമായി തിരിച്ചെത്തുകയും ചെയ്തു.
എന്നാല്‍ ഇത്തവണ കുട്ടനാട് പാക്കേജ് പോലെ കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ചയാകും. അപ്പർ കുട്ടനാട്, ചെങ്ങന്നൂർ തുടങ്ങിയ പ്രദേശങ്ങളിലെ പ്രളയത്തിനു ശേഷമുള്ള കാർഷിക പ്രശ്നങ്ങൾ. കുട്ടനാട്ടിലെ കുടിവെള്ള പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം കാണാൻ കഴിയുന്നില്ല എന്നതും ചർച്ചാ വിഷയം.
കുന്നത്തൂർ, പത്തനാപുരം, കൊട്ടാരക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിലെ സജീവ വ്യവസായമായ കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകും.
വോട്ടുനില 2014
കൊടിക്കുന്നിൽ സുരേഷ് (യു.ഡി.എഫ്.)- 4,02,432
ചെങ്ങറ സുരേന്ദ്രൻ (എൽ.ഡി.എഫ്.) -3,69,695
പി.സുധീർ (എൻ.ഡി.എ.) – 79743
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here