ഇടതിനൊപ്പം നിന്ന ആലത്തൂര്‍
പാലക്കാട്, തൃശൂര്‍ ജില്ലകളിലായി പരന്നുകിടക്കുന്നതാണ് ആലത്തൂര്‍ ലോക്‌സഭാ മണ്ഡലം. തരൂര്‍, ചിറ്റൂര്‍, നെന്‍മാറ, ആലത്തൂര്‍, ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ആണ് ആലത്തൂരില്‍ ഉള്‍പ്പെടുന്നത്. സിപിഐഎമ്മിന് വ്യക്തമായ സ്വാധീനം ഉള്ള മണ്ഡലങ്ങളില്‍ ഒന്നാണിത്. ഒപ്പം സംവരണ മണ്ഡലം കൂടിയാണ്. നിലവില്‍ ഏഴ് മണ്ഡലങ്ങളില്‍ ആറും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തോടൊപ്പമായിരുന്നു. ആറില്‍ അഞ്ചിലും വിജയിച്ചത് സിപിഐഎം സ്ഥാനാര്‍ത്ഥികള്‍. വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അനില്‍ അക്കര വിജയിച്ചത് 43 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു.
2009 ല്‍ മണ്ഡലം രൂപീകൃതമായതു മുതല്‍ സിപിഐഎമ്മിന്റെ പികെ ബിജു ആണ് ആലത്തൂരിന്റെ എംപി. ബിജു എസ്എഫ്‌ഐ നേതാവായിരിക്കെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് രംഗത്തെത്തി. 2009 ല്‍ ഇടതുവിരുദ്ധ തരംഗത്തെ അതിജീവിച്ച് 20,960 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്റെ എന്‍ കെ സുധീറിനെതിരെ ബിജുവിന്റെ വിജയം. 2014 കോണ്‍ഗ്രസിലെ കെ എ ഷീബക്കെതിരെ ബിജു ഭൂരിപക്ഷം 37,312 വോട്ടുകളാക്കി ഉയര്‍ത്തി. എന്നാല്‍ ആ തെരഞ്ഞെടുപ്പില്‍ നോട്ട 21,417 വോട്ടുകള്‍ നേടി എന്ന പ്രത്യേകതയും ഉണ്ട്.
ഇടതുപക്ഷത്തിന് വലിയ വെല്ലുവിളികള്‍ ഒന്നും നിലവിലില്ലാത്ത മണ്ഡലം. ഏഴ് നിയമസഭ മണ്ഡലങ്ങളിലും ഇടതുപക്ഷതിനു കാര്യമായ സ്വാധീനമുണ്ട്. ഒപ്പം എല്‍ഡിഎഫ് സര്‍ക്കാരിലെ മൂന്ന് മന്ത്രിമാര്‍ എ കെ ബാലന്‍, എ സി മൊയ്തീന്‍, കെ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നുള്ളവരാണെന്നതും ബിജുവിന് ഗുണകരമാകും. ബിജെപിയ്ക്ക് കാര്യമായ ഒരു സ്വാധീനം ഇല്ലാത്ത മണ്ഡലങ്ങളില്‍ ഒന്ന് കൂടിയാണ് ആലത്തൂര്‍. 2009നെ അപേക്ഷിച്ച് 2014 ല്‍ വോട്ട് ശതമാനം മെച്ചപ്പെടുത്താന്‍ ബിജെപിയ്ക്ക് സാധിച്ചിരുന്നു.
2014 ലെ കണക്ക് അനുസരിച്ച് 12,13,531 വോട്ടര്‍മാരുള്ള ആലത്തൂര്‍ മണ്ഡലത്തില്‍ 6,23,519 സ്ത്രീ വോട്ടര്‍മാരും 5,90,012 പുരുഷ വോട്ടര്‍മാരുമാണുള്ളത്. ഇതില്‍ 15.42 % എസ് സി, 0.88% എസ് ടി വിഭാഗങ്ങള്‍ വിഭാഗങ്ങള്‍ മണ്ഡലത്തില്‍ ഉണ്ടെന്നാണ് കണക്ക്
പൂര്‍ണ്ണമായും കാര്‍ഷിക മേഖലയായ ആലത്തൂര്‍ മണ്ഡലത്തില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ തന്നെയാണ് എല്ലാക്കാലവും തെരഞ്ഞെടുപ്പ് വിഷയമായി ഉന്നയിക്കാറുള്ളത്. ഇത്തവണയും കാര്‍ഷിക പ്രശ്‌നങ്ങള്‍ക്ക് തന്നെയാണ് മുന്‍തൂക്കം. 10 വര്‍ഷം മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും പി കെ ബിജു മത്സരത്തെ നേരിടുക. എന്നാല്‍ പ്രാദേശിക നേതൃത്വത്തിന് ബിജുവിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഭിന്നാഭിപ്രായം ഉയര്‍ന്നിരുന്നു. നെല്ലിയാമ്പതി ഉള്‍പ്പെടെ വികസന സാധ്യതകള്‍ ഇല്ലാതാക്കി. തെരഞ്ഞെടുപ്പിന് ശേഷം മണ്ഡലങ്ങളില്‍ കാണാറില്ല തുടങ്ങിയ ആരോപണങ്ങള്‍ യുഡിഎഫ് ഉയര്‍ത്തിക്കാണിക്കും.
അതേസമയം, ബിജെപിയും, കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസ് കെ എ തുളസി, രമ്യ ഹരിദാസ്, സുനില്‍ ലാലൂര്‍ എന്നിവരുടെ പേരുകളും ബിജെപിക്ക് വേണ്ടി ഷാജുമോന്‍ വട്ടേക്കാഡിന്റെ പേരുമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here