തൃശൂരിൽ ആനയിടഞ്ഞ് ഒന്നര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു

തൃശൂര്‍ എടമുട്ടം പാലപ്പെട്ടിയിൽ ആനയിടഞ്ഞ് ഒന്നര മണിക്കൂറോളം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടു. പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയോടനുബന്ധിച്ച് എത്തിച്ച ആനയാണ് ഇടഞ്ഞത്. ആനയെ എലിഫന്റ് സ്ക്വാഡെത്തി തളച്ചു.
രാവിലെ 11മണിയോട് കൂടിയാണ് സംഭവം. പാലപ്പെട്ടി ഭഗവതി ക്ഷേത്രത്തിലെ അശ്വതി വേലയ്ക്കായെത്തിച്ച ഏറ്റുമാനൂർ ശങ്കരൻ കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഉത്സവവുമായി ബന്ധപ്പെട്ടുള്ള താലാഘോഷം കഴിഞ്ഞ് മടങ്ങവെയാണ് ആന ഇടഞ്ഞത്.
Read Also : ഗുരുവായൂരിൽ ആനയിടഞ്ഞ സംഭവം; മരണം രണ്ടായി
എഴുന്നള്ളിപ്പ് കഴിഞ്ഞ് ആനയെ ദേശീയ പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ കയറ്റാൻ പാപ്പാൻ ശ്രമം നടത്തിയിരുന്നു. ഇതിനിടെ ലോറി കുത്തി മറിച്ചിടാൻ ശ്രമിച്ച ആന സമീപത്ത് വെച്ചിരുന്ന സൈക്കിൾ എടുത്തെറിഞ്ഞു. ശേഷം ദേശീയ പാതയിൽ കയറി നിന്ന ആനയെ പാപ്പാൻമാർ ചേർന്ന് തളക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ദേശീയ പാതയില്‍ ഗതാഗതം പൂർണമായും തടസപ്പെട്ടു. ഒന്നര മണിക്കൂറോളം റോഡില്‍ അക്രമാസക്തമായി നിന്ന ആനയെ എലിഫന്റ് സ്ക്വാഡ് എത്തി ക്യാപ്ച്ചർ ബൽറ്റിട്ടാണ് തളച്ചത്. പിന്നീട് ലോറിയിൽ കയറ്റി കൊണ്ടുപോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here