ദേശീയപാതയോരത്ത് എം.ജി യൂണിവേഴ്‌സിറ്റി ഉത്തരക്കടലാസുകള്‍ കണ്ടെത്തി

മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ ദേശീയ പാതയോരത്തു നിന്നും കണ്ടെത്തി. ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കാണ് ഇവ കളഞ്ഞുകിട്ടിയത്. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് തോട്ടയ്ക്കാട്ടുകര സിഗ്‌നലിനു സമീപം 39 ഉത്തരക്കടലാസുകള്‍ ദേശീയ പാതയില്‍ ചിതറിക്കിടന്ന നിലയില്‍ കണ്ടു കിട്ടിയത്. ബി.എസ്.സി. ബയോടെക്‌നോളജി മൂന്നാം സെമസ്റ്റര്‍ ജെനറ്റിക് പരീക്ഷയുടെ മൂന്നാം സെമസ്റ്റര്‍ ഉത്തരക്കടലാസുകളാണ് കിട്ടിയത്. 12.12.2018ല്‍ നടന്ന പരീക്ഷയുടെ പേപ്പറുകളാണ് ഇവ.
ഉത്തരക്കടലാസുകളില്‍ മാര്‍ക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ മൂല്യനിര്‍ണയം കഴിഞ്ഞതാകാമെന്ന് കരുതുന്നു. എന്നാല്‍ ഈ പരീക്ഷയുടെ ഫലം ഇതുവരെ യൂണിവേഴ്‌സിറ്റി പ്രഖ്യാപിച്ചിട്ടില്ല. വീണ്ടും മൂല്യനിര്‍ണയം നടത്തുന്നതിന് ഉത്തരക്കടലാസുകള്‍ ആവശ്യമാണെന്നിരിക്കെയാണ് ഇവ വഴിയരികില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്.
ഉത്തരക്കടലാസ് കളഞ്ഞുകിട്ടിയ വിവരം ഓട്ടോറിക്ഷ തൊഴിലാളികള്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ജെറോം മൈക്കിള്‍, കൗണ്‍സിലര്‍ ലളിത ഗണേശന്‍ എന്നിവരെ അറിയച്ചതിനെ തുടര്‍ന്ന് ആലുവ പോലീസിനു കൈമാറി.ഉത്തരക്കടലാസ് പരിശോധനകള്‍ക്കായി അദ്ധ്യാപകര്‍ വീട്ടിലേക്ക് കൊണ്ടു പോകും വഴി നഷ്ടപ്പെട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉത്തരക്കടലാസുകള്‍ കിട്ടിയ വിവരം മഹാത്മാഗാന്ധി സര്‍വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here