ചാഴികാടന്റെ സ്ഥാനാര്‍ത്ഥിത്വം; മാണിയ്ക്കും, ജോസ് കെ മാണിയ്ക്കും രഹസ്യ അജണ്ട

കോട്ടയത്ത് കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ച മാണിയുടെ തീരുമാനം യുഡിഎഫ് നേതൃത്വം അംഗീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം ജോര്‍ജ്ജ്. ഭൂരിഭാഗം മണ്ഡലം കമ്മിറ്റികളെ ഇറക്കി ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത് അണികളുടെ തീരുമാനമാണെന്ന മാണിയുടെ വാദം അടിസ്ഥാന രഹിതമാണ്.
മാണിയും പുത്രനും കൂടി തീരുമാനിച്ച കാര്യമാണ് പാര്‍ട്ടി അണികളുടെ തലയില്‍ കെട്ടിവയ്ക്കുന്നത്. ഇതിന്റെ പിന്നില്‍ ഇരുവര്‍ക്കും രാഷ്ട്രീയ അജണ്ടയുണ്ട്. കോട്ടയം പോലുള്ള പ്രബലമായ മണ്ഡലത്തില്‍ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിറുത്തി സിപിഎമ്മിനെ സഹായിക്കുകയാണ് മാണിയുടെ അജണ്ട. യുഡിഎഫ് നേതൃത്വത്തിന് ഇത് സംബന്ധിച്ച ബോധ്യമുണ്ടെന്നും പിഎം ജോര്‍ജ്ജ് ആരോപിച്ചു.
കെഎം മാണി ബാര്‍ കോഴയിലും അന്വേഷണം നേരിടുകയാണ്, ജോസ് കെ മാണി സോളാര്‍ കേസിലും ആരോപണ വിധേയനാണ്. ഇവയില്‍ നിന്ന് മോചിതനാകാനാണ് ഈ അജണ്ടയെന്നും പിഎം ജോര്‍ജ്ജ് ആരോപിക്കുന്നു. അല്ലെങ്കില്‍ എന്ത് കൊണ്ട് രണ്ട് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ആളെ കോട്ടയം പോലുള്ള പ്രബലമായ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി നിറുത്തിയെന്നും അദ്ദേഹം ചോദിക്കുന്നു. പാര്‍ട്ടി അണികളുടെ ആവശ്യം പരിഗണിക്കാതെയാണ് മാണിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. പിജെ ജോസഫ് ആണ് കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെങ്കില്‍ ജയം ഉറപ്പാണ്. പിജെ ജോസഫ് കോട്ടയം സ്വദേശിയല്ലെന്ന മാണിയുടെ വാദം ബാലിശമായ വാദമാണ്.
ReadAlso: കെഎം മാണിയുടെ തീരുമാനം വേദനയുണ്ടാക്കിയെന്ന് മോന്‍സ് ജോസഫ്
വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി എന്നതാണ് തെരഞ്ഞെടുപ്പില്‍ എക്കാലത്തും മാനദണ്ഡം. പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണം എന്നതാണ് പാര്‍ട്ടി അണികളുടെ അടക്കം ആവശ്യം. യുഡിഎഫ് നേതാക്കളുമായി നടത്തുന്ന ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മറിച്ചാണെങ്കില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാകും. മാണിയുടെ നിലപാടില്‍ വേദനിക്കുന്ന പാര്‍ട്ടി നേതാക്കള്‍ രാജി വയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here