ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ ഒറ്റകക്ഷിയായാലും മോദി പ്രധാനമന്ത്രിയാകില്ലെന്ന് ശരദ് പവാർ

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാലും നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ലെന്ന് മുതിർന്ന എൻസിപി നേതാവ് ശരദ് പവാർ. പ്രധാനമന്ത്രി കസേരയിൽ ഇനി മോദി ഇരിക്കുമെന്ന് താൻ കരുതുന്നില്ലെന്നും ശരദ് പവാർ പറഞ്ഞു.
ബിജെപി ഒരു പക്ഷേ ഏറ്റവും വലിയ ഒറ്റ കക്ഷിയായേക്കും. എന്നാൽ മറ്റു പാർട്ടികളുടെ പിന്തുണയില്ലാതെ അവർക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കില്ല. അധികാരം പിടിക്കാൻ ബിജെപി മറ്റു പാർട്ടികളുടെ പിന്തുണ തേടിയാൽ അവർ പ്രധാനമന്ത്രി പദത്തിലേക്ക് മോദിയുടെ പേര് നിർദ്ദേശിക്കില്ല. മറ്റു പേരുകളാകും അവർ മുന്നോട്ടുവെയ്ക്കുകയെന്നും ശരദ് പവാർ പറഞ്ഞു.
മഹാരാഷ്ട്രയിലെ 48 ൽ 45 സീറ്റുകളും ബിജെപി സഖ്യം നേടുമെന്ന അമിത്ഷായുടെ അവകാശവാദത്തെ ശരദ് പവാർ പരിഹസിക്കുകയും ചെയ്തു. അമിത് ഷായ്ക്ക് തെറ്റുപറ്റിയതാണെന്നും 48 സീറ്റുകളിലും ജയിക്കുമെന്നായിരുന്നു അദ്ദേഹം പറയേണ്ടിയിരുന്നതെന്നും ശരദ് പവാർ കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here