മൂവായിരം പെണ്‍കുട്ടികളുടെ ചോദ്യം നേരിടാന്‍ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികളെ കയ്യിലെടുത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആഞ്ഞടിച്ചും വിദ്യാര്‍ത്ഥിനികളുടെ ചോദ്യങ്ങള്‍ക്ക് സരസമായി മറുപടി നല്‍കിയുമായിരുന്നു രാഹുലിന്‍റെ ഇടപെടല്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വെറുപ്പില്ലെന്ന് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് രാഹുല്‍ മറുപടി നല്‍കി. വലിയ പാഠങ്ങൾ നൽകുന്ന ആളുകളെ ആരെങ്കിലും വെറുക്കുമോ, തനിക്ക് മോദിയെ വെറുക്കാൻ കഴിയില്ല. മോദിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു. ലോകത്തിന്റെ സൗന്ദര്യം കാണാൻ മോദിക്ക് കഴിയുന്നില്ലെന്ന് പാർലമെന്‍റിലെ പ്രസംഗം കേട്ടുകൊണ്ടിരുന്നപ്പോൾ എനിക്ക് മനസ്സിലായി. കുറഞ്ഞത് എന്‍റെ സ്നേഹമെങ്കിലും അദ്ദേഹം അറിയട്ടെ എന്ന് കരുതിയാണ് കെട്ടിപ്പിടിച്ചതെന്നും പാര്‍ലമെന്‍റിലെ ‘വൈറല്‍’ രംഗത്തെ കുറിച്ച് രാഹുല്‍ പ്രതികരിച്ചു. 2014 ലെ തോൽവി വലിയ പാഠം ആയിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
Read More: മോദി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി
വടക്കേ ഇന്ത്യയുടെ വികസനത്തിനാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകുന്നത്. ഈ സ്ഥിതി മാറണം. അഴിമതിയും മാറ്റമില്ലാത്ത മുതലാളിത്ത സമ്പ്രദായവുമാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാനാണ് കേന്ദ്ര നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്. കശ്മീർ പ്രശ്നത്തിലും ഭീകരതയ്ക്ക് എതിരായ നീക്കത്തിലും വ്യവസ്ഥാപിതവും തന്ത്രപരവുമായ സമീപനമാണ് വേണ്ടത്. ഇക്കാര്യത്തില്‍ നരേന്ദ്രമോദി സർക്കാരിന്‍റെ സമീപനം പരാജയമാണ്. ജമ്മു കശ്മീരിൽ വാജ്പേയി സർക്കാർ നടപ്പാക്കിയ നയങ്ങൾ പ്രശ്നങ്ങൾ സങ്കീർണമാകാനേ വഴിവച്ചിട്ടുള്ളൂ എന്നും രാഹുൽ പറഞ്ഞു.
#WATCH: Congress President Rahul Gandhi asks a student at Stella Maris College, Chennai, to call him Rahul, when she starts a question with "Hi Sir". #TamilNadu pic.twitter.com/01LF5AxSex
— ANI (@ANI) March 13, 2019
തന്‍റെ സഹോദരി പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വദ്രയ്ക്കെതിരായ സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. റോബർട്ട് വദ്ര തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് എതിരെയും അന്വേഷണം നടക്കണം. എന്നാല്‍ ചിലരെ മാത്രം തെരഞ്ഞ് പിടിച്ച് അന്വേഷണം നടത്തരുതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
താനിപ്പോൾ ചെയ്യുന്നത് പോലെ മൂവായിരം പെൺകുട്ടികളുടെ എല്ലാ ചോദ്യങ്ങളും നേരിട്ട് അവരുടെ മുന്നില്‍ നില്‍ക്കാനുള്ള ധൈര്യം മോദിക്കില്ലെന്ന് രാഹുല്‍ പരിഹസിച്ചു. സ്ത്രീകളാണ് പുരുഷന്‍മാരേക്കാള്‍ മിടുക്കരെന്നാണ് താന്‍ കരുതുന്നത്. സര്‍ എന്ന് വിളിച്ച പെണ്‍കുട്ടിയോട് തന്നെ രാഹുല്‍ എന്ന് വിളിക്കാമോ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍റെ മറു ചോദ്യം. കരഘോഷത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ ഇത് ഏറ്റെടുത്തത്. പിന്നീട് രാഹുല്‍ എന്ന് വിളിച്ചായിരുന്നു വിദ്യാര്‍ത്ഥികള്‍ സംവാദത്തില്‍ പങ്കെടുത്തത്.
സ്ഥിരം വേഷമായ വെള്ള കുര്‍ത്തയില്‍നിന്ന് മാറി കാഷ്വല്‍ വസ്ത്രത്തിലായിരുന്നു രാഹുല്‍ സംവാദത്തിനെത്തിയത്. തീര്‍ത്തും അവര്‍ക്കിടയിലൊരാളായി തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞും ചോദ്യങ്ങളുന്നയിക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രചോദനം നല്‍കുന്നതുമായിരുന്നു രാഹുലിന്‍റെ വാക്കുകള്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here