കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥി തർക്കം; രണ്ടാം സീറ്റെന്ന ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്

കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ പ്രതിസന്ധിയിലായ യുഡിഎഫിനു മുന്നില്‍ രണ്ടാം സീറ്റെന്ന ആവശ്യം ശക്തമാക്കി കേരള കോണ്‍ഗ്രസ്. കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന അഭിപ്രായം ജോസഫ് ഗ്രൂപ്പിനില്ലെന്നും പി.ജെ ജോസഫിന് നീതി ലഭിക്കണമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി. കോട്ടയം സീറ്റ് വച്ചുമാറാന്‍ തയ്യാറല്ലെന്നും, ജോസഫിന് ഇടുക്കി സീറ്റ് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് റോഷി അഗസ്റ്റില്‍ എം.എല്‍.എയും വ്യക്തമാക്കിയിരുന്നു. നാളെ വൈകിട്ട് പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നും, ശുഭാപ്തിവിശ്വാസമുണ്ടെന്നും പി.ജെ ജോസഫും പ്രതികരിച്ചിരുന്നു.
കേരള കോണ്‍ഗ്രസിന് ഒറ്റ സീറ്റില്‍ ഒതുങ്ങേണ്ടി വന്നതോടെ, കോട്ടയം സീറ്റില്‍ പി.ജെ ജോസഫിനെ മത്സരിപ്പിക്കണമെന്നതായിരുന്നു ജോസഫ് വിഭാഗത്തിന്റെ ആവശ്യം. സീറ്റ് വിട്ടു നല്‍കാതെ മാണി ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. യുഡിഎഫ് നോക്കളുമായുള്ള ചര്‍ച്ചയില്‍ കോട്ടയത്ത് ഉമ്മന്‍ ചാണ്ടി മത്സരിച്ച്, ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കണമെന്നായിരുന്നു ജോസഫിന്റെ ആവശ്യം. ഇതിനെതിരെ മാണി വിഭാഗം ശക്തമായി രംഗത്തെത്തിയതിന് പിന്നാലെയാണ് നാളെ പ്രശ്‌ന പരിഹാരം ഉണ്ടാകുമെന്നും, ശുഭാപ്തി വിശ്വാസം ഉണ്ടെന്നും പി.ജെ ജോസഫ് പ്രതികരിച്ചത്.
തൊട്ടു പിന്നാലെ കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് ജോസഫ് ഗ്രൂപ്പിന് അഭിപ്രായമില്ലെന്ന് മോന്‍സ് ജോസഫും പ്രതികരിച്ചു. മുന്‍ നിലപാടില്‍ നിന്നുള്ള ജോസഫ് ഗ്രൂപ്പിന്റെ പിന്നോട്ടു പോക്കിനു പിന്നില്‍ രണ്ടാം സീറ്റെന്ന ആവശ്യം വീണ്ടും ശക്തമാക്കുന്നു എന്നാണ് സൂചന.
കോട്ടയം സീറ്റ് വിട്ടു നല്‍കില്ലെന്നും, എന്നാല്‍ ഇടുക്കി സീറ്റ് ജോസഫിന് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. കോട്ടയം സീറ്റില്‍ കോണ്‍ഗ്രസ് കണ്ണുവെക്കേണ്ടെന്ന മുന്നറിയിപ്പും മാണി ക്യാമ്പ് നല്‍കിയതോടെ രണ്ടാം സീറ്റെന്ന ചര്‍ച്ചകളാണ് വീണ്ടും കോണ്‍ഗ്രസിനു മുന്നില്‍ സജീവമാകുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here