കേരള കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ തര്‍ക്കത്തില്‍ ഹൈക്കമാന്റിന് അതൃപ്തി

കേരളാ കോണ്‍ഗ്രസ് എമ്മിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ തര്‍ക്കങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന് കടുത്ത അതൃപ്തി. വിഷയത്തില്‍ ഇനിയും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കളും. കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റണമെന്ന് കെ എം മാണിയോട് ആവശ്യപ്പെടാനും
കോണ്‍ഗ്രസ് തയ്യാറായേക്കും.
സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസ് എമ്മില്‍ ഉടലെടുത്ത ആഭ്യന്തര തര്‍ക്കങ്ങള്‍ കോണ്‍ഗ്രസിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു ഘടകകക്ഷിയില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ മുന്നണിയുടെ വിജയ സാധ്യതയെ ബാധിച്ചുവെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാനത്തുള്ള രാഹുല്‍ഗാന്ധി, കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് കേരളാ നേതാക്കളോട് വിവരങ്ങള്‍ ആരായുകയും ചെയ്തു. വിഷയത്തില്‍ ഇനിയും കാഴ്ചക്കാരായി തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നും മൃദുസമീപനം പാടില്ലെന്നും സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ക്കും അഭിപ്രായമുണ്ട്.
കോട്ടയത്തെ തര്‍ക്കം സമീപ മണ്ഡലങ്ങളായ ഇടുക്കിയിലെയും പത്തനംതിട്ടയിലെയും വിജയസാധ്യതയെ ബാധിക്കുമെന്ന് ഹൈക്കമാന്റിനും ആശങ്കയുണ്ട്. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മണ്ഡലങ്ങലാണിത്. അതുകൊണ്ടുതന്നെ വേണ്ടിവന്നാല്‍ കടുത്ത നിലപാടിലേക്ക് പോകാന്‍ സംസ്ഥാന ഘടകത്തിനു മേല്‍ കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദമുവുണ്ട്. അതുകൊണ്ടു തന്നെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം കെ എം മാണിയോട് ആവശ്യപ്പെടാനും സാധ്യതയുണ്ട്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും ഇതെങ്ങനെയെന്ന കാര്യത്തില്‍ നേതൃത്വത്തിനും വ്യക്തയില്ല.
അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആവര്‍ത്തിച്ചു. ഇതുള്‍പ്പെടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകുന്നതിലും പ്രചാരണ രംഗത്ത് മുന്‍തൂക്കം നഷ്ടപ്പെട്ടതിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ സംസ്ഥാന ഘടകത്തോട് അതൃപ്തി രേഖപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here