തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങള്‍ സംബന്ധിച്ച നടപടികള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം. ജില്ലകളില്‍ പെരുമാറ്റ ചട്ടലംഘനങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികളുടെ റിപ്പോര്‍ട്ട് എല്ലാ ദിവസവും വൈകുന്നേരം അഞ്ചിനകം നല്‍കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്ക റാം മീണ കളക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയത്. പെരുമാറ്റ ചട്ടം ലംഘനം നിര്‍ബാധം തുടരുന്ന സാഹചര്യത്തിലാണ് കര്‍ശന നിര്‍ദ്ദേശം. റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുവാന്‍ നോഡല്‍ ഓഫീസര്‍ കെ. ജീവന്‍ ബാബുവിനെ ചുമതലപ്പെടുത്തി.

മതപരമായ ചിഹ്നങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഉപയോഗിച്ച് പ്രചാരണം നടത്തുന്ന സംബന്ധിച്ച പരാതികളും നോഡല്‍ ഓഫീസര്‍ പരിശോധിക്കും.പൊതുനിരത്തുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍, പൊതുഗതാഗത സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ പെരുമാറ്റചട്ടം ലംഘിക്കുന്ന വിധത്തില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യങ്ങള്‍ ഉടനടി നീക്കം ചെയ്യുവാനും കളക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് ഇവനീക്കം ചെയ്യുന്നതിനാവശ്യമായ സുരക്ഷ പോലീസ് നല്‍കണം.

മന്ത്രിമാര്‍, രാഷ്ട്രീയ കക്ഷികള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്. ചട്ടം ലംഘിച്ച് സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകളും പരസ്യബോര്‍ഡുകളും നീക്കം ചെയ്യാന്‍ നേരത്തെ ജില്ല കളക്ടര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേ സമയം കെഎസ്ആര്‍ടിസി ബസുകളില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കം ചെയ്തിട്ടില്ല.തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ജില്ലകളില്‍ ഫ്ളയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top