Advertisement

യു.എന്‍.എ യില്‍ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം; 3 കോടി 71 ലക്ഷം കാണാനില്ലെന്ന് പരാതി

March 15, 2019
0 minutes Read

നേഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നേഴ്‌സസ്‌ അസോസിയേഷനില്‍ സാമ്പത്തിക ക്രമക്കേടെന്ന് ആരോപണം .സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് 3 കോടി 71 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് മുന്‍ യുഎന്‍എ വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നല്‍കി. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ അക്കൗണ്ടിലേക്ക് വന്ന തുകയാണ് കാണാനില്ലെന്നു കാണിച്ച് പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാതിയിലുണ്ട്.

സംഘടനാ തീരുമാന പ്രകാരമല്ലാതെ പല വ്യക്തികള്‍ക്കും ലക്ഷങ്ങള്‍ കൊടുത്തതായി കണക്കുകളില്‍ കാണുന്നുണ്ടെന്നും സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ഏപ്രില്‍ ഒന്നു മുതല്‍ 2019 ജനുവരി 31 വരെയുള്ള കാലയളവില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് 3 കോടി 71 ലക്ഷം രൂപ വന്നതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 2019 ജനുവരി 31 ന് പ്രസ്തുത അക്കൗണ്ടിലെ നീക്കിയിരിപ്പ് വെറും എട്ടു ലക്ഷത്തി അമ്പത്തി അയ്യായിരത്തി നാന്നൂറ്റി എട്ട് രൂപയാണ്.

അംഗത്വ ഫീസിനത്തില്‍ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങള്‍ക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുള്ള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. മൂന്നരക്കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടിലേക്ക് പോയതായാണ് ആരോപണം. സംഘടനയുടെ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ ഡ്രൈവറുടെ പേരില്‍ അമ്പത്തി ഒമ്പത് ലക്ഷം രൂപ പിന്‍വലിച്ചതായും യുഎന്‍എ യുടെ മുന്‍ വൈസ് പ്രസിഡന്റ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു

അതേ സമയം ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി യുഎന്‍എ നേതാവ് ജാസ്മിന്‍ ഷാ പ്രതികരിച്ചു. സിബി മുകേഷിനെതിരെ സംഘടന നടപടിയെടുത്ത് പുറത്താക്കിയതാണെന്നും ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ സംഘടനയെ തകര്‍ക്കാന്‍ സിബി മുകേഷ് രംഗത്തെത്തിയിരിക്കുന്നതെന്നും ജാസ്മിന്‍ ഷാ പറഞ്ഞു.

അതേ സമയം യുഎന്‍എ യില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടക്കുന്നതായുള്ള പരാതിയെപ്പറ്റി അന്വേഷിക്കാന്‍ ഡിജിപി എഡിജിപി ക്ക് നിര്‍ദേശം നല്‍കി. അന്വേഷിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ അസംഘടിതരായ നേഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് യുഎന്‍എ. മിനിമം ശമ്പളമുള്‍പ്പെടെയുളള നിര്‍ണ്ണായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കുന്നതിന് കാരണമായത് യുഎന്‍എയുടെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടത്തിയ പോരാട്ടങ്ങളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top