ഇന്നത്തെ പ്രധാന വാർത്തകൾ (16-03-2019)

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത്. മണ്ഡലത്തിലെ സിറ്റിങ്ങ് എംപി കെവി തോമസിനെ തഴഞ്ഞാണ് ഹൈബി ഈഡന് സീറ്റ് നൽകിയിരിക്കുന്നത്.
‘എന്നെ കറിവേപ്പിലയാക്കാൻ ആകില്ല, പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാം’ : കെവി തോമസ്
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ പ്രതിഷേധവുമായി കെവി തോമസ്. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നൽകാതെയാണെന്നും പാർട്ടിക്ക് വേണ്ടെങ്കിൽ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെവി തോമസ് പറഞ്ഞു.
ന്യൂസിലൻഡിലെ ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും
ന്യൂസിലാൻഡ് വെടിവയ്പ്പിൽ മരിച്ചവരിൽ മലയാളിയും. കൊടുങ്ങല്ലൂർ സ്വദേശി അൻസി (23) ആണ് മരിച്ചത്. ഭർത്താവ് അബ്ദുൾ നാസർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പെരിയ ഇരട്ടകൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
പെരിയ ഇരട്ടക്കൊലപാതകക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പെരിയ കല്ല്യോട്ട് സ്വദേശി രഞ്ജിത്താണ് അറസ്റ്റിലായത്. രഞ്ജിത്തിനെ നാളെ കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 9 ആയി.
കോട്ടയത്ത് സീറ്റ് നൽകാതെ തന്നെ മനഃപ്പൂർവ്വം മാറ്റി നിർത്തുകയാണെന്ന് പിജെ ജോസഫ്. ഇടുക്കിയിൽ മാധ്യമങ്ങളെ കാണുന്നതിനിടെയാണ് പിജെ ജോസഫ് ഇക്കാര്യം പറഞ്ഞത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിനായി മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചിരുന്ന തന്നെ മാറ്റി തോമസ് ചാഴികാടന്റെ പേര് വന്നതെങ്ങനെയെന്നും പിജെ ജോസഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
കാസർകോഡ് ഉണ്ണിത്താനെതിരെ ഡിസിസി; രാജിഭീഷണിയുമായി ഡിസിസി നേതാക്കൾ
കാസർകോട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രാജ് മോഹൻ ഉണ്ണിത്താൻ മത്സരിക്കുന്നതിനെതിരെ ഡിസിസി നേതാക്കൾ രംഗത്ത്. രാജ്‌മോഹൻ ഉണ്ണിത്താനെതിരെ പ്രതിഷേധവുമായി എത്തിയ അംഗങ്ങൾ രാജി ഭീഷണി മുഴക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here