സൗദികളുടെ പേരിലുള്ള വിദേശികളുടെ ബിനാമി സ്ഥാപനങ്ങള്‍ പൂട്ടിച്ചെന്ന് സൗദി തൊഴില്‍ മന്ത്രാലയം

സൗദികളുടെ പേരില്‍ വിദേശികള്‍ നടത്തുന്ന നിരവധി ബിനാമി സ്ഥാപനങ്ങള്‍ സൗദിയില്‍ കണ്ടെത്തിയതായി സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ ഇത്തരം കേസുകളില്‍ പെട്ട മുപ്പത് ശതമാനം കടകളും അടച്ചു പൂട്ടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്വദേശിവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയം സ്വകാര്യ മേഖലയില്‍ നടത്തിയ റെയ്ഡിലാണ് നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ബിനാമി സ്ഥാപനങ്ങള്‍ കണ്ടെത്തിയത്. സൗദിവല്‍ക്കരണം നടപ്പിലാക്കാന്‍ സാധിക്കാത്തതിനാലും ബിനാമി കേസുകള്‍ പെട്ടതിനാലും റീട്ടെയില്‍ രംഗത്തെ മുപ്പത് ശതമാനം കടകളും കഴിഞ്ഞ ആറു മാസത്തിനിടെ അടച്ചു പൂട്ടിയതായി അധികൃതര്‍ അറിയിച്ചു.

മലയാളികള്‍ ഉള്‍പ്പെടെ വിദേശികള്‍ നടത്തുന്ന കടകളാണ് ഇതില്‍ നല്ലൊരു ഭാഗവും. സൗദിവല്‍ക്കരണ പദ്ധതി വിജയിച്ചാല്‍ എഴുപത് ശതമാനം ബിനാമി സ്ഥാപനങ്ങളും അടച്ചു പൂട്ടേണ്ടിവരുമെന്ന് റീട്ടെയില്‍ രംഗത്തെ വിദഗ്ദരെ ഉദ്ധരിച്ചുകൊണ്ട് അല്‍ മദീന അറബ് പത്രം റിപ്പോര്‍ട്ട്‌ ചെയ്തു.

സമീപകാലത്താണ് പന്ത്രണ്ട് മേഖലയില്‍ സൗദിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നത്. ഇതോടൊപ്പം കാഷ്യര്‍ സൗദി ആയിരിക്കുക, ഇടപാടുകള്‍ ബാങ്ക് വഴി മാത്രം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ബിനാമി സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായെന്നു കൗണ്‍സില്‍ ഓഫ് സൗദി ചേംബേഴ്സ് കൊമ്മേഴ്സ്യല്‍ കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍മാന്‍ വാസിഫ് കാബ്ലി പറഞ്ഞു. എന്നാല്‍ അടച്ചുപൂട്ടിയ കടകള്‍ ഏറ്റെടുക്കാന്‍ പരിശീലനം ലഭിച്ച സൗദികളുടെ എണ്ണം കുറവാണ്. ഇത് പരിഹരിക്കാന്‍ കൂടുതല്‍ സൗദികള്‍ക്ക് പരിശീലനം നല്‍കണമെന്നും സൗദി നിക്ഷേപകര്‍ക്ക് ലോണ്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിനാമി കേസുകളില്‍ പിടിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. പ്രതികളായ വിദേശികളെ നാടു കടത്തുകയും പിന്നീട് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ബിനാമി ബിസിനസിനു കൂട്ട് നില്‍ക്കുന്ന സൗദികള്‍ക്ക് അഞ്ച് വര്‍ഷം വരെ ആ സ്ഥാപനം നടത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top