കെ വി തോമസിനെ കോണ്‍ഗ്രസ് അപമാനിച്ചു; ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് എ എന്‍ രാധാകൃഷ്ണന്‍

കെ വി തോമസിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി. കെ വി തോമസിനെ കോണ്‍ഗ്രസ് അപമാനിച്ചുവെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും ആര്‍ക്കും കടന്നു വരാമെന്നും എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ആര് പാര്‍ട്ടിയിലേക്ക് വന്നാലും അത് സംഘടനാപരമായി ഗുണം ചെയ്യുമെന്നായിരുന്നു ഇത് സംബന്ധിച്ച് കുമ്മനം രാജശേഖരന്റെ പ്രതികരണം.

Read more: എഐസിസി ജനറല്‍ സെക്രട്ടറി പദവി മുതല്‍ നിയമസഭാ സീറ്റുവരെ; കെ വി തോമസിനെ അനുനയിപ്പിക്കാന്‍ പുതിയ വാഗ്ദാനങ്ങളുമായി ഹൈക്കമാന്‍ഡ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസിനെ ബിജെപി പാളയത്തിലേക്കെത്തിക്കാനുള്ള ശക്തമായ ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപി കേന്ദ്ര നേതാക്കള്‍ കെ വി തോമസുമായി ഫോണില്‍ ബന്ധപ്പെട്ടു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാമെന്നുള്ള വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്. അതേസമയം, ഇതിനോട് അനുകൂലമായി പ്രതികരിക്കാന്‍ കെ വി തോമസ് തയ്യാറായിട്ടില്ല.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കെ വി തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്‍കാതെയാണെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെവി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നല്‍കാനും തയ്യാറായില്ല. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും കെ വി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറായില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് ആവര്‍ത്തിച്ചു. അതിനിടെ കെ വി തോമസ് ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top