Advertisement

നാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

March 17, 2019
0 minutes Read

നാല് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടയേക്കും. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിക്കാന്‍ ഉള്ളത്. വയനാട് ടി സിദ്ദിഖിന് വേണ്ടി എ ഗ്രൂപ്പ് ശക്തമായി രംഗത്തുണ്ട്. ഷാനിമോള്‍ ഉസ്മാന്റെ പേരും സജീവമായ പരിഗണനയില്‍ ഉണ്ട്. മത്സരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് സിദ്ദിഖ് നില്‍ക്കുന്നതോടെ വടകരയില്‍ പകരം ആരെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്.

ആലപ്പുഴ മണ്ഡലത്തിലേക്ക് കെ സി വേണുഗോപാലിന്റെ പേര് സജീവമായി പരിഗണിച്ചിരുന്നു. മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കെ സി വേണുഗോപാല്‍ രംഗത്തെത്തിയതോടെ അടൂര്‍ പ്രകാശ്, പി സി വിഷ്ണുനാഥ് ഉള്‍പ്പെടെയുള്ളവരുടെ പേരാണ് പരിഗണിച്ചത്. ഇതില്‍ അടൂര്‍ പ്രകാശിനെ പിന്നീട് ആറ്റിങ്ങലിലേക്ക് പരിഗണിക്കുകയും ചെയ്തു. എന്നാല്‍ അടൂര്‍ പ്രകാശിനെ ഈഴവ സമവാക്യം പരിഗണിച്ച് ആലപ്പുഴയിലേക്ക് മാറ്റാനുള്ള ചര്‍ച്ചയും നടക്കുന്നതായാണ് വിവരം. വടകരയില്‍ ആരെയും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. അടൂര്‍ പ്രകാശിനെ ആലപ്പുഴയിലേക്ക് പരിഗണിച്ചാല്‍ ആറ്റിങ്ങലില്‍ ആരെന്ന ചോദ്യം ബാക്കി നില്‍ക്കുകയാണ്.

പന്ത്രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഇന്നലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരത്ത് ശശി തരൂര്‍, പത്തനംതിട്ടയില്‍ ആന്റോ ആന്റണി, മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ്, എറണാകുളത്ത് ഹൈബി ഈഡന്‍, ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ്, തൃശൂരില്‍ ടി എന്‍ പ്രതാപന്‍, ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, പാലക്കാട് വി കെ ശ്രീകണ്ഠന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, കോഴിക്കോട് എം കെ രാഘവന്‍, കണ്ണൂരില്‍ കെ സുധാകരന്‍, കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ കാസര്‍ഗോഡെയും എറണാകുളത്തേയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എറണാകുളത്ത് തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് സിറ്റിങ് എം പി കെ വി തോമസ് പരസ്യമായി രംഗത്തെത്തി. കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചോദ്യം ചെയ്ത് ഡിസിസി നേതാക്കളും രംഗത്തെത്തിയിരുന്നു. കെ സുബയ്യറായിയെയാണ് കാസര്‍ഗോഡ് പരിഗണിച്ചിരുന്നതെങ്കിലും അവസാന നിമിഷം രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേര് പട്ടികയില്‍ ഇടം പിടിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top