എഐസിസി ജനറല്‍ സെക്രട്ടറി പദവി മുതല്‍ നിയമസഭാ സീറ്റുവരെ; കെ വി തോമസിനെ അനുനയിപ്പിക്കാന്‍ പുതിയ വാഗ്ദാനങ്ങളുമായി ഹൈക്കമാന്‍ഡ്

ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസ് എംപിയെ അനുനയിപ്പിക്കാന്‍ പുതിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എഐസിസി ജനറല്‍ സെക്രട്ടറി പദവിയാണ് അതിനുവേണ്ടി മുന്നോട്ടുവെയ്ക്കുന്ന ഒരു പ്രധാന വാഗ്ദാനം. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവും പരിഗണനയിലുണ്ട്. മുതിര്‍ന്ന നേതാവായതിനാല്‍ അതിനൊത്ത പദവിതന്നെ നല്‍കണമെന്ന നിലപാടാണ് ഹൈക്കമാന്‍ഡിനുള്ളത്. ഹൈബി ഈഡന്‍ വിജയിച്ചാല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാം എന്ന വാഗ്ദാനവും ഹൈക്കമാന്‍ഡ് മുന്നോട്ടുവെയ്ക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആദ്യ ഘട്ട അനുനയ ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ വിഷയത്തില്‍ ഇടപെട്ടേക്കുമെന്നാണ് സൂചന.
ഇന്ന് രാവിലെ അനുനയ നീക്കവുമായി ചര്‍ച്ചയ്‌ക്കെത്തിയ രമേശ് ചെന്നിത്തലയോട് കെ വി തോമസ് ക്ഷോഭിച്ചിരുന്നു. എന്തിനാണീ നാടകമെന്നും നിങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ഒരു ഓഫറും വേണ്ടെന്നുമായിരുന്നു കെ വി തോമസ് രമേശ് ചെന്നിത്തലയോട് പ്രതികരിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറങ്ങി മാധ്യമങ്ങളെ കണ്ട രമേശ് ചെന്നിത്തല ചര്‍ച്ചയുടെ വിശദാശംങ്ങള്‍ പുറത്തുപറയാനും തയ്യാറായില്ല. കെ വി തോമസ് സമുന്നതനായ നേതാവാണെന്നും അദ്ദേഹം പാര്‍ട്ടിക്ക് നല്‍കിയ സംഭാവനകള്‍ വലുതാണെന്നുമൊക്കെയുള്ള സാധാരണ പ്രതികരണങ്ങള്‍ മാത്രമാണ് രമേശ് ചെന്നിത്തല മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കെ വി തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്‍കാതെയാണെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെവി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സീറ്റ് നഷ്ടപ്പെട്ടത്തില്‍ ദുഃഖമുണ്ട്. താന്‍ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെവി തോമസ് പറഞ്ഞിരുന്നു.
ബിജെപിയിലേക്ക് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കെ വി തോമസ് വ്യക്തമായ മറുപടി നല്‍കാനും തയ്യാറായില്ല. ഇതേക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉണ്ടായെങ്കിലും കെ വി തോമസ് ബിജെപിയിലേക്ക് പോകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ തയ്യാറായില്ല. ജനങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്ന് കെ വി തോമസ് ആവര്‍ത്തിച്ചു. അതിനിടെ കെ വി തോമസിനെ ബിജെപിയിലേക്ക് എത്തിക്കാനുള്ള ചരടുവലികളും ആരംഭിച്ചു. ബിജെപി കേന്ദ്ര നേതാക്കള്‍ കെ വി തോമസുമായി ഫോണില്‍ ബന്ധപ്പെട്ടു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാമെന്നുള്ള വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here