എന്താണ് വെസ്റ്റ് നൈൽ പനി ? രോഗലക്ഷണങ്ങൾ എന്തൊക്കെ ? എങ്ങനെ പ്രതിരോധിക്കാം ?

സംസ്ഥാനത്ത ഏറെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ് പടർന്ന് പിടിക്കുന്ന വെസ്റ്റ് നൈൽ പനി. നേരത്തെ വേങ്ങരയിൽ വെസ്റ്റ് നൈൽ പനി ബാധിച്ച് ആറ് വയസ്സുകാരൻ മരിച്ചതോടെ ജനങ്ങളെല്ലാം ഭീതിയിലായി. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
എന്നാൽ എന്താണ് വെസ്റ്റ് നൈൽ പനി ? എന്തൊക്കെയാണ് ഇതിന്റെ രോഗലക്ഷണങ്ങൾ ? എങ്ങനെ പ്രതിരോധിക്കാം ?
വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ് നൈൽ വൈറസ് ബാധ. കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് ഈ രോഗം പകരില്ല. ജപ്പാൻ ജ്വരത്തെ അപേക്ഷിച്ച് വലുതായി ബാധിക്കുന്ന രോഗമല്ല വെസ്റ്റ് നൈൽ. ഇത്തരം വൈറസ് ബാധയേൽക്കുന്നവരിൽ 150ൽ ഒരാൾക്ക് മാത്രമാണ് രോഗം മൂർഛിക്കാറുള്ളത്. രോഗം ഗുരുതരാവസ്ഥയിൽ എത്തിയാൽ 10 ശതമാനം മാത്രമാണ് മരണം സംഭവിക്കുക.
Read Also : വെസ്റ്റ് നൈല്‍; ആശങ്കപ്പെടേണ്ടതില്ല പ്രതിരോധമാണ് ഏറ്റവും പ്രധാനമെന്ന് ആരോഗ്യമന്ത്രി
രോഗകാരണം
വെസ്റ്റ് നൈൽ വൈറസാണ് രോഗമുണ്ടാക്കുന്നത്. ക്യൂലക്‌സ് വിഭാഗത്തിൽപ്പെട്ട കൊതുകാണ് രോഗം പ്രധാനമായും പരത്തുന്നത്. പക്ഷികളിൽ നിന്നും പക്ഷികളിലേക്കും രോഗം പരത്തുന്നു. 1937ൽ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ൽ ആലപ്പുഴയിലാണ് ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം നിപ വൈറസ് ബാധ സമയത്ത് കോഴിക്കോട് ഒരു യുവതിയ്ക്ക് ഈ രോഗം വന്നതായി സംശയിച്ചെങ്കിലും അത് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
രോഗലക്ഷണങ്ങൾ
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധയുണ്ടായ ബഹുഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം.
രോഗപ്രതിരോധവും ചികിത്സയും
കൊതുകളാണ് രോഗവാഹകർ എന്നതിനാൽ ഏറ്റവും നല്ല പ്രതിരോധമാണ് കൊതുകുകളിൽ നിന്നും രക്ഷനേടുക എന്നത്. വെസ്റ്റ് നൈൽ പനിക്ക് നിലവിൽ പ്രത്യേക വാക്‌സിൻ ലഭ്യമല്ല എങ്കിലും രോഗ ലക്ഷണങ്ങൾക്കുള്ള ചികിത്സ ഫലപ്ദമായി നടത്തനാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here