അനിൽ അംബാനി എറിക്‌സൺ കമ്പനിക്ക് 462 കോടി രൂപ നൽകി

റിലയൻസ് കമ്മ്യൂണിക്കേഷൻ മേധാവി അനിൽ അംബാനി എറിക്‌സൺ കമ്പനിക്ക് 462 കോടി രൂപ നൽകി. സുപ്രീം കോടതി വിധി പ്രകാരം നൽകാനുള്ള മുഴുവൻ തുകയും റിലയൻസ് കമ്മ്യൂണിക്കേഷൻ നൽകിയെന്ന് എറിക്‌സൺ കന്പനിയുടെ അഭിഭാഷകൻ സ്ഥരീകരിച്ചു. മാർച്ച് പത്തൊമ്പതിന് മുമ്പ് മുഴുവൻ തുകയും അടച്ച് തീർക്കണമെന്നും അല്ലാത്ത പക്ഷം മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു സുപ്രീം കോടതി ഉത്തരവ്.
സുപ്രീം കോടതിയിൽ ഹാജരാകണമെന്ന് ഉത്തരവ് തിരുത്തിയ നടപടിയിൽ അനിൽ അംബാനിക്കും കമ്പനി ചെയർമാൻമാരായ ഛായ വിരാണി, സതീഷ് സേത് എന്നിവരും പിഴയായി അടക്കേണ്ട മൂന്ന് കോടി രൂപ സുപ്രീം കോടതി രജിസ്ട്രിയിൽ അടച്ചു. ഇതോടെ റിലയൻസ് കമ്മ്യൂണിക്കേഷനും എറിക്‌സൺ ഇന്ത്യാ കമ്പനിയും തമ്മിൽ ഒരു വർഷമായി നീണ്ട് നിന്ന നിയമ യുദ്ധം അവസാനിച്ചു.
Read Also : പ്രധാനമന്ത്രി അനിൽ അംബാനിയുടെ കാവൽക്കാരനാണെന്ന് രാഹുൽ ഗാന്ധി
കഴിഞ്ഞ ദിവസമാണ് അനിൽ അംബാനിക്ക് കോടതി പിഴ ചുമത്തിയത്. 4 ആഴ്ച്ചയ്ക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ 3 മാസം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കോടതി പറഞ്ഞു. സുപ്രീംകോടതി രജിസ്ട്രിയിലാണ് പിഴയടയ്‌ക്കേണ്ടത്.
സിവിൽ ജയിലിൽ അംബാനിയെ തടവിന് ശിക്ഷിക്കണമെന്നും സ്വകാര്യ സ്വത്തുകൾ കണ്ടുകെട്ടണമെന്നുമായിരുന്നു എറിക്‌സന്റെ ഹർജിയിൽ അപേക്ഷിച്ചിരുന്നത്.
റിലയൻസ് ജിയോയ്ക്ക് ആസ്തികൾ വിറ്റവകയിൽ 550 കോടി രൂപ നൽകിയില്ലെന്നാരോപിച്ചാണ് അനിൽ അംബാനിക്കും മറ്റു രണ്ടുപേർക്കുമെതിരേ എറിക്‌സൺ ഇന്ത്യ നൽകിയ കോടതിയലക്ഷ്യക്കേസ് നൽകിയത്. ചക്രവർത്തിയെപ്പോലെ ജീവിക്കാനും റഫാലിനു കൊടുക്കാനും അനിൽ അംബാനിക്ക് പണമുണ്ടെങ്കിലും തങ്ങളുടെ കുടിശ്ശിക നൽകുന്നില്ലെന്ന് എറിക്‌സൺ ഇന്ത്യ ചൂണ്ടിക്കാട്ടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here