ഗോവയില്‍ പുതിയ മുഖ്യമന്ത്രി ഇന്ന് മൂന്ന് മണിയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി

ഗോവയില്‍ പുതിയ മുഖ്യമന്ത്രി ഇന്ന് മൂന്ന് മണിയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്ന് ബിജെപി. രണ്ട് മണിയോടെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും മൂന്ന് മണിയ്ക്ക് സത്യപ്രതിജ്ഞ ചെയ്യുമെന്നുമാണ് ബിജെപി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്. പ്രമോദ് സാവന്ത് പുതിയ ഗോവ മുഖ്യമന്ത്രിയാവാനാണ് സാധ്യത. വിശ്വജിത്ത് റാണെയുടെ പേരും പരിഗണനയിലുണ്ട്. അതേ സമയം സഖ്യ കക്ഷികളായ മഹാരാഷ്ട്ര വാദി ഗോമാതാക് പാർട്ടിയും ഗോവ ഫോർവേഡ് പാർട്ടിയും മുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടത് സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്.
നിലവില്‍ ഗോവ നിയമസഭാ സ്പീക്കറായ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കാനുള്ള ചർച്ചകളാണ് നടക്കുന്നത്. സഖ്യ കക്ഷികളുടെ അഭിപ്രായം കൂടി മാനിച്ചാകും തീരുമാനം ഉണ്ടാവുക. സഖ്യ കക്ഷികള്‍ പ്രമോദ് സാവന്തിന്‍റെ കാര്യത്തില്‍ എതിർപ്പ് അറിയിക്കുകയാണെങ്കില്‍ വിശ്വജിത്ത് റാണെയുടെ പേരും ബി ജെ പി മുന്നോട്ട് വെച്ചേക്കും. പരീക്കറുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഗോവയിലെത്തിയ ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഉള്‍പ്പടെയുള്ള മുതിർന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി.
മുഖ്യമന്ത്രി പദത്തിന് അവകാശ വാദമുന്നയിച്ച് സഖ്യ കക്ഷികളും രംഗത്ത് വന്നതും ശ്രദ്ധയോടെയാണ് നേതൃത്വം നോക്കി കാണുന്നത്. മഹാരാഷ്ട്ര വാദി ഗോമാതക് പാർട്ടി നേതാവ് സുധിന്‍ ദവാലിക്കറും ഗോവ ഫോർവേർഡ് പാർട്ടി നേതാവ് വിജയ് സർദേശായിയും മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. ഇവരുമായി കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരി അനുനയ ചർച്ചകള്‍ നടത്തിയിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് സർക്കാരുണ്ടാക്കാനുള്ള അവകാശ വാദവുമായി ഗവർണറോട് അനുമതി ചോദിച്ചതും പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
അതിനിടെ കോണ്‍ഗ്രസ് എം എല്‍ എ ദിഗംബർ കാമത്ത് ബി ജെ പിയിലേക്ക് പോകുമെന്ന വാർത്തകളും പുറത്ത് വന്നു. ദിഗംബർ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയത് കൂടിക്കാഴ്ച്ച നടത്താനാണെന്ന ആരോപണത്തെ അദ്ദേഹം പക്ഷെ നിഷേധിച്ചിട്ടുണ്ട്. 40 അംഗ ഗോവ നിയമ സഭിയില്‍ 36 എം എല്‍ എ മ്മാരാണുള്ളത്. കോണ്‍ഗ്രസ് 14 ബി ജെ പിക്ക് 12 എം ജി പി, ഗോവ ഫോർവേഡ് പാർട്ടി എന്നിവർക്ക് മൂന്ന് വീതവും എം എല്‍ എമ്മാരും ഉണ്ട്. ബാക്കിയുള്ളവർ സ്വതന്ത്ര എം എല്‍ എമ്മാരാണ്.
അതേസമയം അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കും. പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാർ, പ്രധാന ബി ജെ പി നേതാക്കള്‍ എന്നിവർ അന്ത്യോപചാരം അർപ്പിക്കാന്‍ ഗോവയിലെത്തും. ഗോവ തലസ്ഥാനമായ പനാജിയിലാണ് അന്ത്യോപചാര ചടങ്ങ്. ആശുപത്രിയില്‍ നിന്ന് മൃതദേഹം വിലാപയാത്രയായി ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിച്ചിരുന്നു. പ്രധാനമന്ത്രിയുള്‍പെടെ നിരവധി പ്രമുഖർ അന്ത്യോപചാര ചടങ്ങില്‍ പങ്കെടുക്കും. പാന്‍ക്രിയാറ്റിക് കാന്‍സറിനെ തുടര്‍ന്നായിരുന്നു പരീക്കറിന്‍റെ മരണം. 2014 ല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പരീക്കർ, മൂന്ന് വർഷം നരേന്ദ്ര മോദി സർക്കാരില്‍ പ്രതിരോധ മന്ത്രിയായിരുന്നു. തുടർന്ന് ഗോവ മുഖ്യമന്ത്രി ആയ പരീക്കർ എതിരാളികള്‍ പോലും ബഹുമാനിച്ചിരുന്ന നേതാവായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here