പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയാകും

പ്രമോദ് സാവന്ത് ഗോവയുടെ പുതിയ മുഖ്യമന്ത്രിയാകും. സഖ്യകക്ഷികളുമായി ഇക്കാര്യത്തിൽ ധാരണയിലെത്തി. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി നേതാവ് സുധിൻ ധവാലിക്കറും ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായിയും ഉപമുഖ്യമന്ത്രിമ്മാർ ആയേക്കും.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയടക്കമുള്ള മുതിർന്ന നേതാക്കൾ സഖ്യ കക്ഷികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. മനോഹർ പരീക്കറുടെ മരണത്തിന് പിന്നാലെതന്നെ ഗോവയിൽ അധികാരം നിലനിർത്താൻ സഖ്യകക്ഷികളുമായി അർദ്ധരാത്രിയിൽ തന്നെ ബിജെപി നേതാക്കൾ നീണ്ട ചർച്ചകൾ നടത്തിയിരുന്നു. മനോഹർ പരീക്കറെപോലെ സർവ്വ സമ്മതനായ ഒരു നേതാവിനെ കണ്ടെത്താനുള്ള തിരക്കിലായിരുന്നു പാർട്ടി നേതൃത്വം.
Read Also : ബുര്‍ഖ ധരിച്ച് സ്ത്രീകളുടെ ടൊയ്‌ലെറ്റില്‍; ഗോവ സ്വദേശിക്കെതിരെ കേസ്
അതനുസരിച്ചാണ് മഹാരാഷ്ട്ര ഗോമാന്തക് പാർട്ടി (എം.ജി.പി), ഗോവ ഫോർവാഡ് പാർട്ടി, സ്വതന്ത്രർ എന്നിവരുമായിട്ടാണ് ചർച്ച നടന്നത്. എന്നാൽ, ബിജെപി ആഗ്രഹിച്ചത്, പുതിയ മുഖ്യമന്ത്രി ആരായാലും ബിജെപിയിൽ നിന്നുതന്നെ വേണമെന്നാണ്. അതനുസരിച്ചാണ് സ്പീക്കറെ തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
രണ്ട് ബിജെപി എം.എൽ.എമാർ രാജിവച്ചതും, ഡിസൂസയും പരീക്കറും മരണപ്പെട്ടതും മൂലം ഗോവ നിയമസഭയിലെ എം.എൽ.എമാരുടെ പ്രാതിനിധ്യം ഇപ്പോൾ 36 മാത്രമാണ്. ഗോവയിലെ നിലവിലെ കക്ഷിനില ഇപ്രകാരമാണ്. കോൺഗ്രസിന് 14, ബിജെപി 12, എൻസിപി 1, മഹരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) 3, ഗോവ ഫോർവേർഡ് പാർട്ടി (ജി.എച്ച്.പി) 3, കൂടാതെ 3 സ്വതന്ത്ര എംഎൽഎമാരുമുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ 19 സീറ്റാണ് ആവശ്യം. അത് ബിജെപിയെ സംബന്ധിച്ചിടത്തോളം കൈവശമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here