പശ്ചിമ ബംഗാള്‍, ബീഹാർ, ഡല്‍ഹി സംസ്ഥാനങ്ങളില്‍ സഖ്യ ചർച്ചകള്‍ വഴിമുട്ടി കോൺഗ്രസ്

പശ്ചിമ ബംഗാള്‍, ബീഹാർ, ഡല്‍ഹി സംസ്ഥാനങ്ങളില്‍ സഖ്യ ചർച്ചകള്‍ വഴിമുട്ടി കോൺഗ്രസ്. ബംഗാളില്‍ ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ് സി പി ഐ എമ്മിന്റെ സിറ്റിംഗ് സീറ്റുകളിലടക്കം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബീഹാറില്‍ ആർ ജെ ഡിയുമായി സീറ്റ് വിഭജനം പൂർത്തിയാക്കാന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല. ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടിയുമായി സഖ്യം വേണമെന്ന് മുതിർന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന പ്രസിഡണ്ട് ഷീല ദീക്ഷിത് വഴങ്ങിയിട്ടില്ല.
ഏറ്റവും വേഗത്തില്‍ സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് കരുതിയിരുന്ന ബിഹാറില്‍ ഇത് വരെയും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ലാലു പ്രസാദ് യാദവിന്റെ ആർ ജെ ഡി എട്ട് സീറ്റുകള്‍ നല്‍കാമെന്ന് വ്യക്തമാക്കിയെങ്കിലും 11 സീറ്റുകള്‍ വേണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതിനാല്‍ സീറ്റ് വിഭജന പ്രഖ്യാപനം നടത്താന്‍ ഇത് വരെയും കഴിഞ്ഞിട്ടില്ല. ബി ജെ പിയെ ഒറ്റക്കെട്ടായി എതിർക്കണമെന്ന നിലപാട് സ്വീകരിക്കുമ്പോള്‍ പ്രായോഗികമായി നടപ്പാക്കാന്‍ എല്ലാവരും വിട്ട് വീഴ്ച്ചകള്‍ക്ക് തയ്യാറാകണമെന്ന് ആർ ജെ ഡി നേതാവ് തേജസ്വി യാദവ് വിമർശിച്ചു.
കോണ്‍ഗ്രസുമായി ധാരണയിലെത്താന്‍ കഴിയാതിരുന്നതോടെ മറ്റ് ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജനവും പൂർത്തിയായിട്ടില്ല ബീഹാറില്‍. ഇടത് മുന്നണി 25 മണ്ഡലങ്ങളില്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ്, ബി ജെ പി, ഇടത് പാർട്ടികള്‍, കോണ്‍ഗ്രസ് എന്നിങ്ങനെ നാല് പാർട്ടികള്‍ ഏറ്റുമുട്ടുമ്പോള്‍ താരതമ്യേന ദുർബലരായ കോണ്‍ഗ്രസിനും ഇടത് പക്ഷത്തിനും ബംഗാളില്‍ വലിയ തിരിച്ചടി ഉണ്ടാകാനാണ് സാധ്യത.
പാർട്ടി പ്രവർത്തകർക്കിടയില്‍ നടത്തിയ അഭിപ്രായ സർവ്വെയില്‍ ആം ആദ്മി പാർട്ടിയുമായി ചേർന്ന് മത്സരിച്ചാല്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കാമെന്നാണ് കോണ്‍ഗ്രസിന് ലഭിച്ച വിവരം. എന്നാല്‍ പി സി സി പ്രസിഡണ്ട് ഷീലാ ദീക്ഷിത് സഖ്യത്തിനെതിരാണ്. ഇക്കാര്യത്തില്‍ ഇനിയും ചർച്ചകള്‍ ഉണ്ടാകുമെന്നാണ് സൂചന. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 11 നടക്കാനിരിക്കെ മഹാരാഷ്ട്ര, കർണാടക, ജാർഖണ്ഡ് എന്നിവടങ്ങളില്‍ മാത്രമാണ് സീറ്റ് വിഭജനം പൂർത്തിയാക്കിയത്. ചുരുക്കത്തില്‍ ബി ജെ പിയെ എതിരിടാന്‍ സഖ്യമായി മത്സരിക്കാനുളള കോണ്‍ഗ്രസ് ശ്രമങ്ങള്‍ പാതിവഴിയില്‍ തന്നെ പരാജപ്പെടുന്നത് പാർട്ടിക്ക് കനത്ത തിരിച്ചടിയാകും തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here