പരീക്കറുടെ ചിത കത്തി തീരുന്നതുവരെയെങ്കിലും കാത്തുനില്‍ക്കാമായിരുന്നു; ബിജെപിയുടേത് നാണംകെട്ട രാഷ്ട്രീയക്കളിയെന്ന് ശിവസേന

മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറുടെ മരണത്തിന് പിന്നാലെ ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ ബിജെപി നടത്തിയ നീക്കങ്ങളെ വിമര്‍ശിച്ച് ശിവസേന പത്രം സാമ്‌ന. പരീക്കറുടെ ചിത കത്തി തീരുന്നതുവരെ ബിജെപിക്ക് കാത്തുനില്‍ക്കാമായിരുന്നുവെന്ന് സാമ്‌ന കുറ്റപ്പെടുത്തി. ബിജെപിയുടെ നാണം കെട്ട രാഷ്ട്രീയക്കളിയെന്നും ശിവസേന പറഞ്ഞു.

ചിത കത്തുമ്പോള്‍ അധിക്കാരക്കൊതിയന്മാര്‍ പരസ്പരം കഴുത്തിന് പിടിക്കുകയായിരുന്നു. പരീക്കറുടെ ഭൗതികശരീരത്തില്‍ അര്‍പ്പിച്ച പൂക്കള്‍ പോലും വാടിയിട്ടുണ്ടാവില്ല. ധാവലിക്കറിനെയും സര്‍ദേശായിയെയും കോണ്‍ഗ്രസ് സ്വന്തമാക്കുമോയെന്ന ഭയമാണ് അതിന് പിന്നിലെന്നും ശിവസേന കുറ്റപ്പെടുത്തി.

Read more: മനോഹര്‍ പരീക്കര്‍ അന്തരിച്ചു

ജനാധിപത്യത്തിന്റെ ഭീകരാവസ്ഥയാണ് ഗോവയില്‍ കണ്ടത്. സത്യപ്രതിജ്ഞാ ചടങ്ങിന് തിങ്കളാഴ്ച വരെ കാത്തിരുന്നെങ്കില്‍ എന്താണ് സംഭവിക്കുകയെന്നും സാമ്‌ന എഡിറ്റോറിയല്‍ ചോദിക്കുന്നു. 19 എംഎല്‍എമാരടങ്ങുന്ന ഭരണകക്ഷിയില്‍ രണ്ട് പേരെ ഉപമുഖ്യമന്ത്രിമാരാക്കിയത് നാണക്കേടാണെന്നും ശിവസേന കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ചയാണ് ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചത്. പാന്‍ക്രിയാസില്‍ ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെ തിരക്കുപിടിച്ച നടപടികളാണ് ഗോവയില്‍ ബിജെപി സ്വീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ഗോവയുടെ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് സത്യപ്രതിജ്ഞ ചെയ്തത്. തുടര്‍ന്ന് ബുധനാഴ്ച വിശ്വാസ വോട്ടും നേടി. ബിജെപിയുടെ ഇത്തരത്തിലുള്ള തിരക്കുപിടിച്ച തീരുമാനങ്ങളാണ് ശിവസേനയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top