Advertisement

മോദിയെ വിമര്‍ശിച്ചതിന് ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്റെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്

March 21, 2019
Google News 0 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച മണിപ്പൂരി മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്‌ഗേയയുടെ ആരോഗ്യനില മോശമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഇംഫാലിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്ന കിഷോര്‍ചന്ദ്രയുടെ ഷുഗറിന്റെ അളവ് 500 ല്‍ എത്തിനില്‍ക്കുന്നതായാണ് വിവരം. അദ്ദേഹത്തിന്റെ ഭാരം വളരെയധികം കുറഞ്ഞു. കിഷോറിനെ കാണാന്‍ അനുവദിക്കുന്നില്ല എന്ന ആരോപണവും ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഔട്ട്‌ലുക്കാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇരുപതോളം വരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ നടുവിലാണ് എപ്പോഴും കിഷോറെന്ന് ഭാര്യ രഞ്ജിത പറയുന്നു. അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ല. ഇത് വളരെയധികം വേദനിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായിരിക്കുകയാണ്. കിഷോറിന് പ്രത്യേകം പരിചരണം ആവശ്യമാണ്. ആശുപത്രിയിലോ വീട്ടിലോ അത് നല്‍കാന്‍ തയ്യാറാകണം. അദ്ദേഹത്തിന് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാകണം. ഇത് തന്റെ അപേക്ഷയാണെന്നും രഞ്ജിത പറഞ്ഞു.

പ്രാദേശിക ചാനലായ ഐഎസ്ടിവിയുടെ റിപ്പോര്‍ട്ടറായിരുന്ന കിഷോറിനെ കഴിഞ്ഞ വര്‍ഷം നവംബര്‍ 27നാണ് പൊലീസ് അറസ്റ്റു ചെയ്യുന്നത്. ദേശീയ സുരക്ഷാ നിയമപ്രകാരമായിരുന്നു കിഷോറിന്റെ അറസ്റ്റ്. മണിപ്പൂരില്‍ ബിജെപി ത്സാന്‍സി റാണി ലക്ഷ്മിഭായിയുടെ ജന്മവാര്‍ഷികാഘോഷ പരിപാടികള്‍ നടത്തിയതിനെതിരെയായിരുന്നു കിഷോര്‍ചന്ദ്ര ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റു ചെയ്തത്. മണിപ്പൂര്‍ ദേശീയതയുമായി യാതൊരു ബന്ധവുമില്ലാത്ത പരിപാടിയായിരുന്നതെന്നും സര്‍ക്കാര്‍ മോദിയുടെയും ഹിന്ദുത്വത്തന്റെയും കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണെന്നും കിഷോര്‍ കടുത്ത വിമര്‍ശനമുന്നയിച്ചു. വീഡിയോ വൈറലായതിന് പിന്നാലെയായിരുന്നു അറസ്റ്റ്. പിന്നീട് കോടതിയില്‍ ഹാജരാക്കിയ കിഷോറിനെ ഒരു വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. നിലവില്‍ സജിവ സെന്‍ട്രല്‍ ജയിലിലാണ് കിഷോര്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here