പാഠഭാഗങ്ങള്‍ ഒഴിവാക്കിയെന്ന പ്രചരണം തെറ്റാണെന്ന് കുമ്മനം രാജശേഖരന്‍

സിബിഎസ്ഇ സിലബസില്‍ നിന്ന് മാറുമറയ്ക്കല്‍ സമരം ഉള്‍പ്പടെയുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയെന്ന പ്രചരണം തെറ്റാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പാഠപുസ്തകങ്ങളുടെ വലുപ്പം കുറയ്ക്കണമെന്ന ദീര്‍ഘകാലത്തെ ആവശ്യത്തെ തുടര്‍ന്ന് വിദഗ്ദ്ധ സമിതിയാണ് ചില പാഠഭാഗങ്ങള്‍ അച്ചടിയില്‍ നിന്ന് ഒഴിവാക്കിയത്. ഇത് പുസ്തകങ്ങളുടെ ഭാരം കുറയ്ക്കുന്നതിന് വേണ്ടിയായിരുന്നു.അല്ലാതെ സിലബസില്‍ നിന്ന് ഒഴിവാക്കിയതു കൊണ്ടല്ല. അതേസമയം അച്ചടിക്കാതിരുന്ന പാഠഭാഗങ്ങള്‍ ക്യൂ. ആര്‍ കോഡായി പുസ്‌കത്തില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്. പുസ്തകത്തില്‍ അച്ചടിച്ചിട്ടില്ല എന്നതിനര്‍ത്ഥം അവ പഠിപ്പിക്കേണ്ടതില്ല എന്നല്ലെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.
പഠനഭാരം കുറയ്ക്കുന്നതിന് പൊതുജനങ്ങളില്‍ നിന്നും ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും അഭിപ്രായങ്ങള്‍ തേടി 2018 മാര്‍ച്ച് മാസത്തില്‍ തന്നെ വെബ്‌സൈറ്റില്‍ പരസ്യം ചെയ്തിരുന്നു. ഇത്തരത്തില്‍ ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പാഠഭാഗങ്ങളില്‍ കുറവ് വരുത്തിയത്. ഈ തീരുമാനം കൈക്കൊണ്ടത് എന്‍സിഇആര്‍ടിയുടെ വിദഗ്ദ്ധസമിതിയാണെന്നും കേന്ദ്രസര്‍ക്കാരല്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Read Also: എന്‍.സി.ഇ.ആര്‍.ടി പാഠഭാഗം ഒഴിവാക്കിയത് അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കോഡ് സ്‌കാന്‍ ചെയ്ത് പാഠഭാഗങ്ങള്‍ അദ്ധ്യാപകര്‍ പഠിപ്പിക്കേണ്ടതാണ്. പാഠഭാഗങ്ങള്‍ ക്യൂആര്‍ കോഡായല്ല അച്ചടിച്ച് തന്നെ വേണമെന്ന് കേരള സര്‍ക്കാരിന് അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം എന്‍സിഇആര്‍ടി യോട് ആവശ്യപ്പെടണം. അല്ലാതെ വ്യാജ പ്രചരണം നടത്തുകയല്ല വേണ്ടത്. വസ്തുതകള്‍ ഇതായിരിക്കെ സമൂഹത്തില്‍ സ്പര്‍ദ്ധ പരത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ പിന്‍മാറണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here