പാര്‍ട്ടിയ്ക്ക് വേണ്ടി ചലഞ്ച് ഏറ്റെടുത്തു; കെ മുരളീധരന്‍

പാര്‍ട്ടിയ്ക്ക് വേണ്ടി ചലഞ്ച് ഏറ്റെടുക്കുകയായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. ഞാന്‍ എല്ലാവര്‍ക്കും വേണ്ടി പ്രചാരണം നടത്താന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചതാണ്. എന്നാല്‍ വടകരയിലെ സ്ഥാനാര്‍ത്ഥിയെ കുറിച്ച് ചര്‍ച്ച നടന്നു. നിര്‍ദേശിച്ച നേതാക്കളെല്ലാം ശക്തരാണെങ്കിലും അവര്‍ ദുര്‍ബലരാണെന്ന തരത്തില്‍ പ്രചാരണങ്ങള്‍ ഉണ്ടായി. അപ്പോള്‍ എനിക്ക് ഇമ്പിച്ചി ബാവയ്ക്ക് എതിരായി മത്സരിച്ചതാണ് ഓര്‍മ്മ വന്നത്. അന്ന് ഞാന്‍ ദുര്‍ബലനാണെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ 29000വോട്ടിന് ഞാനാണ് അന്ന് ജയിച്ചത്.
അത് പോലെ ജയിക്കാന്‍ കരുത്തുള്ളവരുടെ പേരാണ് പുറത്ത് വന്നതെങ്കിലും അവര്‍ക്ക് എതിരെ പ്രചരണം തുടര്‍ന്നപ്പോഴാണ് ഒരു ചലഞ്ച് പോലെ താന്‍ ഇതേറ്റെടുത്ത്. സീനിയര്‍ നേതാക്കള്‍ എന്ത് കൊണ്ട് മത്സരിക്കുന്നില്ലെന്ന ചോദ്യവും വ്യാപകമായി ഉയര്‍ന്നു. അത്തരത്തില്‍ ചര്‍ച്ചകള്‍ വഴിമാറിയപ്പോഴാണ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ എന്നോട് ഈ ചലഞ്ച് ഏറ്റെടുക്കണം, ശക്തി തെളിയിക്കണം ഈ സീറ്റ് നില നിറുത്തണമെന്നും ആവശ്യപ്പെട്ടത്. ഈ ആവശ്യം വരുമ്പോള്‍ ഞാന്‍ തിരുവനന്തപുരം ലോക്സഭാ ഇലക്ഷന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയാണ്.
ഉമ്മന്‍ ചാണ്ടി നേരിട്ടും പിന്നീട് രമേശ് ചെന്നിത്തല ടെലഫോണിലും ഈ ആവശ്യം മുന്നോട്ട് വച്ചു. ഇതിന് പിന്നാലെ ഇത് ഞാന്‍ ഏറ്റെടുക്കുകയായിരുന്നു. ശക്തമായ മത്സരം ഉള്ള നിയോജക മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ പാര്‍ട്ടിയ്ക്ക് വേണ്ടി താന്‍ ചലഞ്ച് ഏറ്റെടുക്കുകയാണെന്ന് മനസിലാകും. കേന്ദ്രത്തില്‍ സെക്കുലര്‍ കാഴ്ചപ്പാടുള്ള ശക്തമായ ഗവണ്‍മെന്റ് വേണമെന്നതാണ് ലക്ഷ്യം. അഞ്ച് വര്‍ഷം ഇവിടെ ഭരിച്ച സര്‍ക്കര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ പോലും മതവും ജാതിയും നിറച്ചിരിക്കുകയാണ്. അതിന്റെ പേരില്‍ കൊല നടത്തുകയും ചെയ്തു. ജനങ്ങള്‍ക്ക് തങ്ങള്‍ സുരക്ഷിതരല്ലെന്ന ധാരണയുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ ഒരു സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് മാത്രമാണ് സാധിക്കുക. എല്ലാ സംസ്ഥാനങ്ങളിലും വേരുകളുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലും വേരുകളുണ്ട്. ശക്തിയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാമെന്നും മുരളീധരന്‍ പറഞ്ഞു.
മാര്‍സിസ്റ്റ് ബിജെപി സഖ്യത്തെ ഞങ്ങള്‍ ‘മാബി’ എന്നാണ് പറയുന്നത്. തിരുവനന്തപുരത്ത് കുമ്മനത്തെ ജയിപ്പിക്കുമെന്നാണ് കോടിയേരി പറഞ്ഞത്. മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വേണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പിണറായി തിരുവനന്തപുരത്ത് പറഞ്ഞത് ഒരു വിശ്വ പുരുഷനും സന്യാസിയും തമ്മില്‍ മത്സരിക്കുന്നുവെന്നാണ്. വിശ്വപുരുഷന്‍ എന്ന് ഉദ്ദേശിച്ചത് ശശി തരൂരിനെയാണ്, മറ്റേയാള്‍ കുമ്മനമാകാനാണ് സാധ്യത. അപ്പോള്‍ മത്സരം ബിജെപിയും യുഡിഎഫും തമ്മിലാണെന്നാണ് മുഖ്യമന്ത്രി വരെ പറയുന്നത്. എന്താണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം എന്ന് പറയാഞ്ഞത്. ഈ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് കേരളത്തില്‍ സ്ഥാനം ഉണ്ടാകരുതെന്ന് കരുതുന്ന ആളുകളാണ് ഞങ്ങള്‍. ഒരിടത്തും അവരുമായി സഖ്യമുണ്ടാക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി അങ്ങനെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒന്നും പറയാനില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here