Advertisement

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് സുരേഷ് ഗോപി എംപി

March 21, 2019
Google News 1 minute Read

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് സുരേഷ് ഗോപി എം പി. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ബോധിപ്പിക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുണ്ട്. മറുപടി ലഭിക്കുന്നതുവരെ പെണ്‍കുട്ടിയുടെ വീട്ടില്‍ തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാന്‍ സുരേഷ് ഗോപി എത്തിയത്. ആദ്യം മാധ്യമങ്ങളെ കാണാന്‍ അദ്ദേഹം തയ്യാറായില്ല. മാതാപിതാക്കളെ കണ്ട ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായത്. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് സുരേഷ് ഗോപി ചോദിച്ചു. മൂക്കിന് താഴെയാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളുകള്‍ എന്തുകൊണ്ട് വിഷയത്തില്‍ ഇടപെട്ടില്ലെന്നും അദ്ദേഹം ചോദിച്ചു.

രണ്ട് മാസം മുന്‍പ് നടന്ന ഒരു സംഭവവുമായി ഇതിനെ കൂട്ടിവായിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച് പൊലീസുകാര്‍ക്ക് ഒരു വ്യക്തതയുമില്ല. നാട്ടുകാരാണ് അക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രാന്‍സ്ഫറായി എത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇവിടെ ഉള്ളത്. അദ്ദേഹത്തിന് സംഭവത്തെക്കുറിച്ച് ഒരുവിവരവുമില്ല. എന്ത് നടപടിയെടുക്കുമെന്ന് പൊലീസോ കളക്ടറോ ആരെങ്കിലും മറുപടി നല്‍കണം. പെണ്‍കുട്ടിയുടെ കുടുംബത്തിന് വലിയ നീതി നിഷേധമാണ് നേരിടേണ്ടി വന്നിരിക്കുന്നത്. മറുപടി ലഭിച്ച ശേഷമേ മടങ്ങുകയുള്ളൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

Read more:ഓച്ചിറയില്‍ യുവാവ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശ്വസിപ്പിച്ച് സുരേഷ് ഗോപി എംപി

സംഭവത്തില്‍ മൂന്ന് പേരെയാണ് പൊലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഓച്ചിറ സ്വദേശികളായ ബിബിന്‍, അനന്തു, പ്യാരിലാല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല. ഇവരില്‍ പ്യാരിലാലിനെതിരെ കാപ്പ ചുമത്താനാണ് പൊലീസിന്റെ തീരുമാനം. വഴിയാത്രക്കാരെ വെട്ടിപ്പരിക്കേല്‍പിച്ച് പണം കവര്‍ന്ന കേസിലും മറ്റൊരു പോക്‌സോ കേസിലും പ്യാരിലാല്‍ പ്രതിയാണ്.

Read more: ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാള്‍ കൂടി പിടിയില്‍

തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് നാലംഗ സംഘം വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന്‍ ദമ്പതികളെ ആക്രമിച്ച് 13 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. കച്ചവടം നടത്തുന്ന സ്ഥലത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുള്ള ഷെഡില്‍ കയറി മാതാപിതാക്കളെ ആക്രമിച്ചാണ് പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുമായി റോഷന്‍ എന്ന യുവാവ് ബംഗളൂരുവിലേക്ക് കടന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് വിശദമായി അന്വേഷണം നടത്താന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ പൊലീസ് നിര്‍ബന്ധിക്കുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here