ചെര്‍പ്പുളശ്ശേരി പീഡനം; യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ചെര്‍പ്പുളശ്ശേരിയില്‍ പാര്‍ട്ടി ഓഫീസില്‍ പീഡനത്തിന് ഇരയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില അവ്യക്തതകളുണ്ടെന്നും കേസന്വേഷണം നടക്കുകയാണെന്നുമാണ് ചെര്‍പ്പുളശ്ശേരി പൊലീസ് നല്‍കുന്ന വിവരം.
പെണ്‍കുട്ടിയെ അറിയാമെന്ന് നേതൃത്വത്തിലുള്ളവര്‍ സമ്മതിക്കുന്നുണ്ട്. അതേസമയം പരാതിക്ക് പി കെ ശശി വിവാദവുമായി ബന്ധമുണ്ടോയെന്നും ചിലര്‍ സംശയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ ഉയര്‍ന്ന പുതിയ ആരോപണത്തിന് പിന്നില്‍ പാര്‍ട്ടിയിലെ ഉള്‍പ്പോരാണെന്നും നേതാക്കളില്‍ ചിലര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പരാതിയുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ ജില്ലാ നേതൃത്വത്തെ സമീപിച്ചു കഴിഞ്ഞു. സംസ്ഥാന നേതൃത്വവും ഉയര്‍ന്ന് വന്ന പുതിയ വിവാദം അതീവ ഗൗരവത്തോടെ തന്നെയാണ് കാണുന്നത്. സംസ്ഥാന നേതാക്കള്‍ ജില്ലാ നേതൃത്വത്തിലുള്ളവരോട് പരാതിയെ പറ്റി സംസാരിച്ചതായാണ് വിവരം.
പ്രതിയെ ഇതു വരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പക്ഷെ കേസില്‍ തെളിവുകള്‍ ശേഖരിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. കുറ്റാരോപിതന്റേയും പെണ്‍കുട്ടിയുടേയും ഫോണ്‍ കോള്‍ രേഖകളും സന്ദേശങ്ങളുമടക്കം പരിശോധിക്കുന്നുണ്ട്. പാര്‍ട്ടി ഓഫീസില്‍ തന്നെയാണോ പീഡനം നടന്നതെന്ന് പൊലീസ് വീണ്ടും പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. പക്ഷെ പെണ്‍കുട്ടി തന്റെ മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ്. കുറ്റാരോപിതന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയതായാണ് സൂചന. ഇയാള്‍ കുറ്റം സമ്മതിച്ചതായും പറയപ്പെടുന്നു. പൊലീസിനെതിരെ പ്രതിഷേധം രൂക്ഷമാകുന്നതിന് മുന്‍പ് പ്രതിയുടെ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
അഞ്ച് ദിവസം മുന്‍പാണ് പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശുവിനെ മണ്ണൂരില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മങ്കര പൊലീസ് നടത്തിയ അന്വേഷണമാണ് പീഡനവിവരം പുറത്തറിയിച്ചത്. അതേസമയം സിപിഎം നേതൃത്വം പ്രതിക്കൂട്ടിലായ കേസന്വേഷണം പൂര്‍ണ്ണമായും നിയന്ത്രിക്കുന്നത് പാലക്കാട് എസ്പിയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here