Advertisement

നോ പറയാന്‍ പറ്റില്ല എന്റെ സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞ് പിടിച്ച് കൊണ്ട് വന്നതാണ് പാച്ചിക്കയെ; പൃഥ്വി

March 22, 2019
Google News 0 minutes Read
fazil

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ എന്ന ചിത്രത്തിലേക്ക് സംവിധായകന്‍ ഫാസില്‍ എത്തിയതെങ്ങനെയെന്ന് വ്യക്തമാക്കി പൃഥ്വിരാജ്. ദുബായില്‍ ലൂസിഫറുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തിലാണ് പൃഥ്വി ഇക്കാര്യം വ്യക്തമാക്കിയത്. പൃഥ്വിരാജിന്റെ വാക്കുകള്‍ ഇങ്ങനെ

പാച്ചിക്ക വളരെ നല്ല നടനാണെന്ന് ഇന്‍ഡസ്ത്രിയില്‍ എല്ലാവര്‍ക്കും അറിയാം. എനിക്ക് പാച്ചിക്ക നല്ല നടനാണെന്ന് തോന്നിയത് ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പാണ്. അമ്മ പറഞ്ഞിട്ട് ഞാന്‍ പാച്ചിക്കയെ കണ്ടിരുന്നു. പ്ലസ്ടുവില്‍ പഠിക്കുമ്പോഴായിരുന്നു അത്. എന്നെ സ്ക്രീന്‍ ടെസ്റ്റ് ചെയ്യണമെന്ന് പാച്ചിക്ക അമ്മയോട് പറഞ്ഞു. അതിനായി ഞാന്‍ ഒരു ദിവസം പാച്ചിക്കയെ കാണാന്‍ പോയി. അന്ന് ആ സ്ക്രീന്‍ ടെസ്റ്റില്‍ അഭിനയിക്കാന്‍ എന്റെ ഒപ്പം ഒരു പെണ്‍കുട്ടി കൂടിയുണ്ടായിരുന്നു, പാച്ചിക്ക ‍ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അഭിനയിച്ച് കാണിച്ച് തരികയായിരുന്നു. എനിക്ക് കാണിച്ച് തന്നെ ശേഷം എന്റെയൊപ്പം സ്ക്രീന്‍ ടെസ്റ്റിന് വന്ന പെണ്‍കുട്ടിക്ക് ഒരു പെണ്‍കുട്ടിയെ പോലെ അഭിനയിച്ച് കാണിച്ച് കൊടുക്കും. അത് കണ്ട് ഞാന്‍ ആകെ അത്ഭുതപ്പെട്ട് പോയി.

അസിനായിരുന്നു എന്റെ ഒപ്പം അന്നുണ്ടായിരുന്ന പെണ്‍കുട്ടി. അസിന്‍ അന്ന് ഒമ്പതാം ക്ലാസിലോ മറ്റോ പഠിക്കുകയായിരുന്നു. അന്ന് മുതല്‍ അദ്ദേഹം കഴിവുള്ള നടനാണെന്ന് എനിക്ക് ബോധ്യമായി. പിന്നിട് ലൂസിഫറിലേക്ക് എത്തിയപ്പോള്‍ ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രം ആരാകണമെന്ന് ഞാന്‍ ആലോചിച്ചപ്പോള്‍ ഒരു പാട് മുഖങ്ങള്‍ ഒാര്‍മ്മയില്‍ വന്നു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ഫാദര്‍ലി സ്ഥാനത്ത് വരുന്ന കഥാപാത്രം, മോഹന്‍ലാലിനും മുകളില്‍ ആരെ കാസ്റ്റ് ചെയ്യണം എന്നത് ഈസി ആയിരുന്നില്ല. അങ്ങനെയാണ് പാച്ചിക്ക വരുന്നത്.

പാച്ചിക്കയെ ഫോണിലൂടെ ഞാന്‍ വിളിച്ച് എനിക്ക് കാണണം എന്ന് പറയുകയായിരുന്നു. ഫോണിലൂടെ എനിക്കിത് പറ്റില്ലെന്ന് പാച്ചിക്ക പറഞ്ഞാല്‍ പിന്നെ പറ്റില്ലല്ലോ. അത് കൊണ്ട് ഞാന്‍ നേരിട്ട് പോയി കണ്ടാണ് വിവരം പറഞ്ഞത്. ഞാനിപ്പോള്‍ ഒരു കാര്യം പറയും അതിന് നോ എന്ന് പറയരുത് എന്ന ആമുഖത്തോടെയാണ് സംസാരിച്ച് തുടങ്ങിയത്. നോ പറയാന്‍ പറ്റില്ല എന്റെ സിനിമയില്‍ അഭിനയിക്കണം എന്ന് പറഞ്ഞ് പിടിച്ച് കൊണ്ട് വരികയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.

സിറ്റി ഓഫ് ഗോഡാണ് ഞാന്‍ ആദ്യം സംവിധാനം ചെയ്യേണ്ടിയിരുന്ന ആഗ്രഹം.  അത് നടന്നില്ല. ഒരു വലിയ മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ ഫാന്‍ ആണ് ഞാന്‍. എന്നോട് സിനിമ ചെയ്യുമ്പോള്‍ ആരെ അഭിനയിപ്പിക്കും എന്ന് ചോദിച്ചപ്പോള്‍ പണ്ടും ഞാന്‍ പറഞ്ഞത് മോഹന്‍ലാലിന്റേയും മഞ്ജുവാര്യരുടേയും പേരാണ്. എന്റെ ആദ്യ ചിത്രത്തില്‍ ഇരുവരും അഭിനയിച്ചു എന്നത് എനിക്ക് കിട്ടിയ വലിയ ബോണസാണെന്നും പൃഥ്വി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here