Advertisement

കേരളം ചുട്ടുപൊള്ളുമ്പോള്‍ മധ്യവേനലവധി പോലും നല്‍കാതെ സ്‌കൂള്‍ അധികൃതര്‍; പഠന ‘ചൂടില്‍’ നട്ടംതിരിഞ്ഞ് വിദ്യാര്‍ത്ഥികള്‍

March 23, 2019
1 minute Read

മധ്യ വേനല്‍ അവധിക്ക് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പെഷ്യല്‍ ക്ലാസ് പാടില്ലെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ നിലനില്‍ക്കെ ചില ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നടത്താന്‍ സ്‌കൂള്‍ അധികൃതരുടെ നീക്കം. കൊല്ലത്താണ് സംഭവം. കൊല്ലം പാവുമ്പയിലെ ശ്രീനാരായണ പബ്ലിക് സ്‌കൂളടക്കം ചില സ്ക്കൂളുകളിലാണ് ക്ലാസുകള്‍ നടത്താന്‍ നീക്കം. ഇത് സംബന്ധിച്ച അറിയിപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ നല്‍കി കഴിഞ്ഞു.

കേരളം ചുട്ടുപൊള്ളുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം. പ്ലസ്ടു, ഒമ്പത്, പത്ത് ക്ലാസുകാര്‍ക്കാണ് മധ്യവേനലവധി നല്‍കാതെ ക്ലാസിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.  അതേസമയം, ഇത് സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്ന ഡയറിയില്‍ സ്‌കൂള്‍ തുറക്കുന്ന തീയതികള്‍

മധ്യവേനല്‍ അവധിക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്നും അത് പാടില്ലെന്നുമുള്ള വിദ്യാഭ്യാസ ഡയറക്ടറുടെ കഴിഞ്ഞ വര്‍ഷത്തെ സര്‍ക്കുലര്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഈ സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് മധ്യ വേനല്‍ അവധിക്ക് സ്‌പെഷ്യല്‍ ക്ലാസുകള്‍ സ്‌കൂള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.ഇത് സംബന്ധിച്ച കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും പരിശോധിച്ചു വരികയാണെന്നും ഡിപിഐയുടെ ഓഫീസ് ട്വന്റിഫോറിനോട് വ്യക്തമാക്കി.

ശ്രീനാരായണ പബ്ലിക് സ്‌കൂളില്‍ വരുന്ന അധ്യയന വര്‍ഷത്തെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ മൂന്ന് മുതല്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് വിവരം. ഇവര്‍ക്ക് പരീക്ഷ കഴിഞ്ഞത് ഫെബ്രുവരി 22 നാണ്. തുടര്‍ന്ന് നാല് ദിവസത്തെ  അവധി മാത്രം നല്‍കി ഫെബ്രുവരി 27 ന് പ്ലസ് ടുവിലേക്കുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് 30 നാണ് മധ്യവേനല്‍ അവധിയ്ക്കായി മറ്റ് ക്ലാസിലെ കുട്ടികള്‍ക്ക് സ്ക്കൂള്‍ അടയ്ക്കുന്നത്. അപ്പോള്‍ ഈ വിദ്യാര്‍ത്ഥികള്‍ക്കും മാര്‍ച്ച് 30ന്  മറ്റ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സ്‌കൂള്‍ അടയ്ക്കും. എന്നാല്‍ പേരിന് മൂന്ന് ദിവസത്തെ അവധി മാത്രം നല്‍കി  ബുധനാഴ്ച ക്ലാസ് തുടങ്ങാനാണ് തീരുമാനം.

കലക്ടറുടെ ഉത്തരവിറങ്ങിയാല്‍ മാത്രമേ ഇത് സംബന്ധിച്ച് മാറ്റി ചിന്തിക്കാന്‍ തയ്യാറാകൂ എന്നാണ് സ്ക്കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികളുടേയും മാതാപിതാക്കളുടേയും ഭാഗത്തു നിന്നും അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്. കേരളം ചുട്ടുപൊള്ളുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ള ജില്ലകളില്‍ കൊല്ലം ജില്ലയും ഉള്‍പ്പെടുന്നു എന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത്രവലിയ മുന്നറിയിപ്പ് നിലനില്‍ക്കെ തന്നെ കുട്ടികളുടെ സുരക്ഷിതത്വത്തിന് പുല്ലുവില കല്‍പ്പിച്ചാണ് അധികൃതര്‍ ക്ലാസ് നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്.

ഇത് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞ് വിളിച്ചപ്പോള്‍ അങ്ങനെ ഒരു സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്താറില്ലെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ടെങ്കിലും  ഈ സ്‌കൂളില്‍  കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുന്‍പ് ക്ലാസുകള്‍ നടത്തിയ ചരിത്രവും ഉണ്ടെന്നാണ് സ്ക്കൂള്‍ ചെയര്‍മാന്റെ പ്രതികരണം. സാധാരണ എല്ലാ വര്‍ഷവും മധ്യവേനല്‍ അവധിക്ക് ക്ലാസുകള്‍ നടത്താറുണ്ട്,  യോഗ, കരാട്ടെ ഉള്‍പ്പെടെ ക്ലാസുകള്‍ അതില്‍ ഉള്‍പ്പെടും. കൂടുതല്‍ കാര്യങ്ങള്‍ അറിയണമെങ്കില്‍ സ്‌കൂളില്‍ എത്തണമെന്നും ഫോണില്‍ കൂടി പ്രതികരിക്കാന്‍ തയ്യാറല്ലെന്നുമായിരുന്നു ചെയര്‍മാന്റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top