ജയിപ്പിച്ചാല്‍ വീട്ടില്‍ മാസാമാസം 10ലിറ്റര്‍ മദ്യമെത്തിക്കുമെന്ന് സ്ഥാനാര്‍ത്ഥി

തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പതിനെട്ടടവും പയറ്റുമെന്നത് ഓരോ വോട്ടര്‍മാര്‍ക്കും അറിയാവുന്ന കാര്യമാണ്. അഴിമതി ആരോപണങ്ങള്‍ മുതല്‍ വാഗ്ദാന പെരുമഴകള്‍ വരെ വോട്ടര്‍മാര്‍ കണ്ടും കേട്ടും തഴമ്പിച്ചതുമാണ്. വോട്ടിന് പണവും, ജാഥയ്ക്ക് ആളെക്കൂട്ടാന്‍ ‘കുപ്പി’യും കേട്ടിട്ടുണ്ട്. എന്നാല്‍ ജയിപ്പിച്ച് വിട്ടാല്‍ വോട്ടര്‍മാരുടെ വീട്ടിലെക്ക് മദ്യം ഒഴുക്കുമെന്നാണ് തിരുപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം! ഒന്നും രണ്ടുമല്ല പത്ത് ലിറ്റര്‍ മദ്യമാണ് ഒരുമാസം എത്തിച്ച് നല്‍കുക എന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എഎം ഷെയ്ക്ക് ദാവൂദ് പറയുന്നത്.
ശനിയാഴ്ച കളക്ടറേറ്റിലെത്തി തെരഞ്ഞെടുപ്പ് പത്രിക സമര്‍പ്പിച്ചതിന് ശേഷമാണ് തന്‍റെ വാഗ്ദാനങ്ങള്‍ ദാവൂദ് വെളിപ്പെടുത്തിയത്. പോണ്ടിച്ചേരിയില്‍ നിന്നാണത്രേ മദ്യം ‘ഒഴുക്കുക’. മാസം തോറും ഓരോ കുടുംബത്തിനും 25,000 രൂപ നല്‍കുമെന്നും അദ്ദേഹം പറയുന്നു. ഇത്തരം 15വാഗ്ദാനങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രകടന പത്രികയില്‍ ഉള്ളത്.
മേട്ടൂര്‍ മുതല്‍ തിരുപ്പൂര്‍ വരെ കനാല്‍, ഒരു കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി, വിവാഹത്തിനായി 10 സ്വര്‍ണ്ണ നാണയങ്ങളും 10 ലക്ഷം രൂപയും എന്ന് തുടങ്ങി വാഗ്ദാനങ്ങളുടെ നീണ്ട ലിസ്റ്റാണ് തിരുപ്പൂരുകാര്‍ക്ക് മുന്നിലുള്ളത്. അതിനിടെയാണ് വ്യത്യസ്തമായ വാഗ്ദാനവുമായി ദാവൂദും എത്തിയിരിക്കുന്നത്. ഇവിടെ എഐഎഡിഎംകെ യ്ക്ക് വേണ്ടി എം എസ് എം ആനന്ദും ഡിഎംകെ നേതൃത്വം നല്‍കുന്ന മുന്നണിയ്ക്ക് വേണ്ടി സിപിഐയുടെ സുബ്ബരായനുമാണ് തിരുപ്പൂരില്‍ മത്സരരംഗത്ത് ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here